മാതാക്കൾ പ്രകാശവും പ്രത്യാശയും ഉള്ളവരാകണം: മാർ മഠത്തിക്കണ്ടത്തിൽ
1573366
Sunday, July 6, 2025 4:53 AM IST
മൂവാറ്റുപുഴ: മാതാക്കൾ പ്രകാശവും പ്രത്യാശയും ഉള്ളവരാകണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കോതമംഗലം മാതൃവേദി രൂപത പ്രവർത്തനവർഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾക്ക് ആത്മീയമായ ഉന്നമനം ഉണ്ടായാൽ മാത്രമേ മക്കളെ വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരാൻ സാധിക്കൂ. ഉപദേശമല്ല മാതൃകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കുറ്റങ്ങൾ മാത്രം കണ്ടെത്തി പറയാതെ പോസിറ്റീവ് എനർജി കൊടുക്കുന്ന മാതാക്കളായിരിക്കണം ഈ പുതിയ കാലഘട്ടത്തിന്റെ ഭവനങ്ങളിൽ ഉണ്ടായിരിക്കേണ്ടതെന്നും ബിഷപ് കൂട്ടിച്ചേർത്തു. ചടങ്ങിൽ രൂപത പ്രസിഡന്റ് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം ആമുഖപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി വികാരി റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവർത്തനവർഷത്തെ മാർഗരേഖ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ രൂപത പ്രസിഡന്റ് ജാൻസി മാത്യുവിന് നൽകി പ്രകാശനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് സെലിൻ ലൂയിസ്, രൂപതാ ആനിമേറ്റർ സിസ്റ്റർ ആനി തെരേസ, സെക്രട്ടറി ജൂഡി ഡാലു എന്നിവർ പ്രസംഗിച്ചു.
പ്രീത ജോണി, സിജി ജോമി, സിൽജ ജോളി, മിനി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. മാതാപിതാക്കളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. സ്നേഹവിരുന്നോടെ യോഗ പരിപാടികൾ സമാപിച്ചു.