ആക്ട്സ് സൗജന്യ ആംബുലൻസ് സർവീസ്
1574211
Tuesday, July 8, 2025 11:26 PM IST
വടക്കാഞ്ചേരി: ഡയാലിസിസിന് വിധേയരാകുന്ന നിർധന രോഗികൾക്ക് വേണ്ടി ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കുന്നുവെന്ന് ആക്ട്സ് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു.
വടക്കാഞ്ചേരിയുടെ പത്തു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഡയാലിസിസ് സെന്ററിൽ ചികിത്സ നടത്തുന്നവരുമായ രോഗികൾക്കാണ് ഈ സേവനം ലഭ്യമാവുക. ആക്ട്സ് സ്ഥാപിതമായതിന്റെ രജത ജൂബിലിയുടെ ഭാഗമായാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് ആംബുലൻസ് സ്പോൺസർ ചെയ്ത്തിരിക്കുന്നത്.
നാളെ രാവിലെ 10 ന് ഓട്ടുപാറ ഡെലിസ റെസിഡൻസി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഡയാലിസിസ് കെയർ ആംബുലൻസിന്റെ സമർപ്പണം നടത്തും.
തൃശൂർ മേയറും ആക്ട്സ് ജനറൽ സെക്രട്ടറിയുമായ എം.കെ വർഗീസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, കൗൺസിലർ പി.എൻ.വൈശാഖ്, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദിന് ആക്ട്സ് ഭദ്രപഥം പുരസ്കാരം നൽകും.
പത്രസമ്മേളനത്തിൽ ആക്ട്സ് രക്ഷാധികാരി അജിത് കുമാർ മല്ലയ്യ, ബ്രാഞ്ച് പ്രസിഡന്റ് വി.വി. ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് പി.എം. അബൂബക്കർ, ട്രഷറർ വി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.