കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു; നാലുപേർക്കു പരിക്ക്
1574212
Tuesday, July 8, 2025 11:26 PM IST
പട്ടിക്കാട്: ദേശീയപാതയിൽ പാണഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തമിഴ്നാട് സ്വദേശികളായ മാരിമുത്തു (34), അർമുഖൻ (52), ഗുണശേഖർ (54), രാജേന്ദ്രൻ (32) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയകാർ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകളിൽ ഇടിച്ച് മറിയുകയായിരന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കാർ ഉയർത്തി കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.