കോൾ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ എത്തിക്കും: ജോർജ് കുര്യൻ
1575528
Monday, July 14, 2025 1:07 AM IST
തൃശൂർ: കോൾ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോൾപടവു കർഷക പ്രതിനിധികളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ വിഷയങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകും. കർഷകർക്കായി നിരവധി കേന്ദ്രപദ്ധതികളുണ്ട്. അവ യഥാർഥ അവകാശികൾക്കു ലഭിക്കാറില്ല. ചില രാഷ്ട്രീയ നേതാക്കൾ പണക്കാരായി മാറിയ സ്ഥിതിയാണ് രാജ്യത്തുണ്ടായത്. കാർഷിക മേഖലയ്ക്ക് അനുവദിച്ച തുക ഗുണപ്രദമാകാൻ കർഷക കൂട്ടായ്മകളുടെ ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കോൾ കർഷകരുടെ പ്രശ്നത്തിൽ ഇടപെടണമെന്നു ബിജെപി ജില്ല ഘടകം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ ആദ്യ സിറ്റിംഗ് പൂർത്തിയാക്കി. ഇതിന്റെ തുടർച്ചയെന്നോണമാണു കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത്. ബിജെപി സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ല ജനറൽ സെക്രട്ടറി എആർ. അജിഘോഷ്, എം.എസ്. സന്പൂർണ, ബിജോയ് തോമസ്, എ. നാഗേഷ്, അനീഷ് ഇയ്യാൻ, രേണുക സുരേഷ് എന്നിവർ പങ്കെടുത്തു.