എടത്തിരുത്തി പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
1574996
Saturday, July 12, 2025 1:24 AM IST
കയ്പമംഗലം: എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന ദേവാലയത്തിൽ കർമല മാതാവിന്റെയും സഹമധ്യസ്ഥനായ വിൻസെന്റ് ഡി പോളിന്റെയും ഊട്ടുതിരുനാളിനു കൊടിയേറി. രാവിലെ 6.15 ന് കാട്ടൂർ സെന്റ്്. മേരിസ് പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിർവഹിച്ചു. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6.15 ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. 19ന് വൈകീട്ട് 5.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിബിൻ നായത്തോടൻ കാർമികത്വം വഹിക്കും. തുടർന്ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവ നടക്കും.
തിരുനാൾദിനമായ 20ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ലിൻസ് മേലേപ്പുറം മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഒൻപതുമുതൽ നേർച്ചഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് വിശുദ്ധ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. ജോഷി പാലിയേക്കര, കൈക്കാരന്മാരായ വർഗീസ് ചാലിശേരി, ഫിലിപ്പ് കുരുതുകുളങ്ങരമീൻപറമ്പിൽ, ജനറൽ കൺവീനർ ലിജോ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ സൈമൺ ചിറയത്ത് തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു. നിരവധി വിശ്വാസികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.