നിർമാണപ്രവൃത്തികൾക്കിടെ സുരക്ഷ കടലാസിൽമാത്രം!
1574470
Thursday, July 10, 2025 1:07 AM IST
കൊരട്ടി: ദേശീയപാതയിലെ നിർമാണ പ്രവൃത്തികളോടനുബന്ധിച്ച് കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കും നിരീക്ഷണ കാമറകളും അഴിച്ചുമാറ്റി.
ജനമൈത്രി പോലീസും കൊരട്ടി ജനകീയ സമിതി ട്രസ്റ്റും സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ജീവനക്കാരൻ ക്രെയിനിന്റെ അഗ്രത്തിൽ കയറിയിരുന്ന് അഴിച്ചുമാറ്റിയത്. ക്രെയിനിൻ ഘടിപ്പിച്ച ബക്കറ്റിൽ കയറിയിരുന്ന് സുരക്ഷ ഉറപ്പാക്കിയാണ് ഇത്തരം പണികൾ ചെയ്യേണ്ടതെന്നാണ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണങ്ങളുടെ തുടക്കം മുതൽ കരാർ കമ്പനി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി ശരിവയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ.
ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഏറിയ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ അഴിച്ചു മാറ്റുകയും കേബിളുകൾ മുറിച്ചുമാറ്റുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ചിറങ്ങരയിൽ കാനയുടെ സ്ലാബ് തകർന്നിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സുരക്ഷാ മുന്നൊരുക്കത്തിന്റെ അഭാവം മൂലം ഒട്ടേറെ അപകടങ്ങൾ നിർമാണം നടക്കുന്ന ഈ മൂന്നു സ്ഥലങ്ങളിലുണ്ടായിട്ടും പരാതികളുയർന്നിട്ടും അധികൃതർക്ക് കേട്ട ഭാവം ഇല്ല.
നിലവിൽ ബദൽ റോഡുകൾ കുണ്ടും കുഴിയുമായി ചെളി നിറഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണ റോഡുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. നിർമാണം നടക്കുന്ന ഇടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തത് പ്രവർത്തികൾ വൈകാനും ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുന്നതിനും കാരണമാകും.
കുണ്ടും കുഴിയുമടച്ച് ബദൽ പാതകളിൽ സുരക്ഷിത യാത്രയ്ക്ക് സാഹചര്യമൊരുക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.