തൃശൂർ - കുറ്റിപ്പുറം റോഡ് നിർമാണം ജില്ലാകളക്ടർ വിലയിരുത്തി
1574727
Friday, July 11, 2025 2:03 AM IST
തൃശൂർ: കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന തൃശൂർ-കുറ്റിപ്പുറം റോഡിന്റെ നിർമാണപുരോഗതി ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ വിലയിരുത്തി. ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നം നേരിടുന്ന മുതുവറ മുതൽ പൂങ്കുന്നം വരെയുള്ള ഭാഗത്താണു സന്ദർശനം നടത്തിയത്. മൂന്നു കിലോമീറ്റർ നടന്നാണ് ഓരോ സ്ഥലത്തെയും നിർമാണം വിലയിരുത്തിയത്.
പൂങ്കുന്നം മൈനർ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ക്യൂറിംഗ് ഘട്ടത്തിലാണ്. കൽവെർട്ടിന്റെ നിർമാണം പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം പൂങ്കുന്നം-പുഴയ്ക്കൽ റോഡിന്റെ ഇരുവശവും തുറന്നുകൊടുക്കുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. പുഴയ്ക്കൽ മുതൽ മുതുവറ വരെ വലതുവശത്തെ കോണ്ക്രീറ്റ് പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും കെഎസ്ടിപി ജില്ലാ കളക്ടറെ അറിയിച്ചു.
കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണു പുഴയ്ക്കൽ ശോഭാസിറ്റിക്കു സമീപമുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ കഴിയാത്തത്. ഓരോ അബട്ട്മെന്റിനും ചുറ്റും റിംഗ് ബണ്ട് നിർമിച്ചുമാത്രമേ നിർമാണം നടത്താൻ കഴിയൂ. മഴ കുറഞ്ഞാൽ ഓഗസ്റ്റിൽ പാലം നിർമാണം പൂർത്തിയാക്കും.
പുഴയ്ക്കൽ ടൊയോട്ട ജംഗ്ഷൻ മുതൽ നെസ്റ്റോ വരെയുള്ള ഭാഗത്തു വലതുവശത്ത് ഷോൾഡർ പ്രൊട്ടക്്ഷൻ ജോലികളും ഫുട്പാത്ത് നിർമാണവും ഇതുഭാഗത്തു ഡ്രെയിനേജ്, മീഡിയൻ നിർമാണവും ഉടൻ ആരംഭിക്കും. തൃശൂർ - കുറ്റിപ്പുറം റോഡിന്റെ മറ്റു ഭാഗങ്ങളിലെ നിർമാണപ്രവൃത്തികളും രാപ്പകൽ പുരോഗമിക്കുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുതുവറ മുതൽ പുഴക്കൽ വരെയുള്ള കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടർ നിർദേശം നൽകി. കഐസ്ടിപി എഇ കെ.എം. മനോജ്, കണ്സ്ട്രക്്ഷൻ പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായി.