അന്തിമപോരാട്ടം ഇനി സുപ്രീംകോടതിയിൽ
1574462
Thursday, July 10, 2025 1:07 AM IST
തൃശൂർ: കോർപറേഷൻ കെട്ടിടനികുതി വിഷയത്തിൽ കെട്ടിട ഉടമകളും കോർപറേഷനും തമ്മിലുള്ള പോരാട്ടം ഇനി സുപ്രീംകോടതിയിലേക്ക്.
നിയമപ്രകാരമുള്ള നിബന്ധനകളൊന്നും പാലിക്കാതെ കെട്ടിടനികുതിയും പിഴയും പിഴപ്പലിശയും ഈടാക്കിയെന്നാരോപിച്ച് 198 കെട്ടിട ഉടമകളാണ് കോർപറേഷനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കെട്ടിട ഉടമകൾക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. ഇതു കനത്ത തിരിച്ചടിയായതോടെ സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരേ കോർപറേഷൻ നൽകിയ ഹർജി ഡിവിഷൻ ബെഞ്ചും തള്ളിയതു കോർപറേഷനു വൻആഘാതമായി.
കോടതി ചൂണ്ടിക്കാട്ടിയ പോരായ്മകൾ തിരുത്തി ഇനി സുപ്രീംകോടതിയിലേക്കു നിയമനടപടികളുമായി പോകാനാണ് കോർപറേഷന്റെ നീക്കം.
നികുതിപരിഷ്കരണം സംബന്ധിച്ച് പത്രപ്പരസ്യംപോലും കോർപറേഷൻ നൽകിയിരുന്നില്ലെന്നു കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. 2013ൽ നൽകേണ്ട പത്രപ്പരസ്യം വൈകിയതിനാൽ നൽകാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇതിനു കോർപറേഷൻ നൽകിയ മറുപടി. ഇതു പരിഗണിച്ച കോടതി എത്രയും വേഗം പത്രപ്പരസ്യം നൽകാൻ കോർപറേഷനു നിർദേശം നൽകി.
എന്നാൽ, ഇത്തരം പരസ്യം നൽകുന്നതിലെ ചില നിർദേശങ്ങൾ കോർപറേഷനു തിരിച്ചടിയാണെന്നതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
അടിസ്ഥാനവസ്തുനികുതി നിർണയം കോർപറേഷൻ നിയമാനുസൃതമായി നടപ്പാക്കിയില്ലെന്നു കോടതി ഉത്തരവിൽ കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കുന്ന വിജ്ഞാപനം പരസ്യപ്പെടുത്തിയില്ല. ഇതുമൂലം ഡിമാൻഡ് നോട്ടീസുകളിൽ ആവശ്യപ്പെടുന്ന വാർഷികവസ്തുനികുതി പുതുക്കിയ നിരക്കിൽ അടയ്ക്കാൻ ഹർജിക്കാർക്കു ബാധ്യതയില്ലെന്നുമാണ് വിധി. റിട്ട് ഹർജികളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ഡിമാൻഡ് നോട്ടീസുകളും റദ്ദാക്കുകയും ചെയ്തു.
കോടതി ഉത്തരവ് കോർപറേഷൻ ഭരണസമിതിക്കെതിരേ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. നികുതിദായകർക്കും കോർപറേഷനും ഒരുപോലെ ബാധ്യത വരുത്തിവച്ച നടപടികളാണ് കോർപറേഷൻ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കൗൺസിൽ അനുമതിയില്ലാതെ ഏഴുലക്ഷം രൂപ മുൻകൂറായി നൽകി സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ പോയതിനെയും പ്രതിപക്ഷം രൂക്ഷഭാഷയിൽ വിമർശിച്ചു.