പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രതിപക്ഷത്തെ തടഞ്ഞു; പ്രതിഷേധം
1574474
Thursday, July 10, 2025 1:07 AM IST
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നുവീണതു സന്ദർശിക്കാനെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾക്ക് വാർഡ് തുറന്നുനൽകാതിരുന്നതു പ്രതിഷേധത്തിനിടയാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പോൾസണ്‍ തെക്കുംപീടിക, അംഗങ്ങളായ സതി സുധീർ, മിനി ഡെന്നി എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. ആദ്യം വാർഡ് തുറന്നുനൽകാമെന്നുപറഞ്ഞ സൂപ്രണ്ട് പിന്നീട് താക്കോൽ ഇല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് തുറന്നുകാണണമെന്ന് മെന്പർമാർ ആവശ്യപ്പെട്ടെങ്കിലും സൂപ്രണ്ട് അംഗീകരിച്ചില്ല.
തുടർന്ന് മെന്പർമാരും കോണ്‍ഗ്രസ് പ്രവർത്തകരും വാർഡിനുമുൻപിൽ പ്രതിഷേധിച്ചു. ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് നിർമാണത്തിലെ അഴിമതി പുറത്തറിയാതിരിക്കാനാണെന്ന് പോൾസണ്‍ തെക്കുംപീടിക ആരോപിച്ചു. കിഫ്ബി ഫണ്ട് വകയിരുത്തി ഉപകരാർ നൽകി കെട്ടിടം നിർമിച്ചതിൽ വൻ അഴിമതി ഉണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് അനാസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധം ശക്തമായതോടെ സൂപ്രണ്ട് പോലീസിനെ വിളിച്ചു. പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽനിന്ന് പോലീസെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ഐസൊലേഷൻ വാർഡ് കെട്ടിടം കിഫ്ബി ആശുപത്രിക്കു കൈമാറിയിട്ടില്ലെന്ന വിചിത്രന്യായമാണ് അധികൃതർ പറയുന്നതെന്നു നേതാക്കൾ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം, ഷാഫി കല്ലുപറന്പിൽ, ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, കെ.എസ്. മനോജ്കുമാർ, ഹരണ്‍ ബേബി, ജെൻസണ് കണ്ണത്ത്, കെ.പി സതീശൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.