തിരുവില്വാമല കുടുംബാരോഗ്യകേന്ദ്രം : വികസനം വാക്കില്മാത്രം
1574731
Friday, July 11, 2025 2:03 AM IST
തിരുവില്വാമല: കുടുംബാരോഗ്യകേന്ദ്രത്തിൽ എക്സ് റേ യൂണിറ്റ്, ക്വാർട്ടേഴ്സ്, രാത്രികാല സേവനം തുടങ്ങിയ സൗകര്യങ്ങൾ കടലാസിനും വാക്കിലും ഒതുങ്ങുന്നു.
അപകടാവസ്ഥയിലായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചു ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നൊക്കെ അധികൃതർ പറഞ്ഞിരുന്നെങ്കിലും ആശുപത്രി തരംതാഴ്ത്തി ഉള്ളസൗകര്യങ്ങൾ ഇല്ലാതാകുന്ന അവസ്ഥയാണിവിടെ. ക്വാട്ടേഴ്സ് കെട്ടിടങ്ങൾ വീഴുന്നതിനുമുമ്പ് പൊളിച്ചെങ്കിലും ആ സ്ഥാനത്ത് എക്സ്റേ യൂണിറ്റിനു പകരം മാലിന്യം സൂക്ഷിക്കാനുള്ള ഷെഡാണ് പണിതത്. ബാക്കി ആശുപത്രി കെട്ടിടത്തോടുചേർന്ന ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. മാലിന്യം സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ കുഴൽപൊട്ടി നാളുകളായി ഉപയോഗശൂന്യമാണ്.
ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടയ്ക്കൊക്കെ കൊണ്ടുപോകാറുണ്ടെങ്കിലും ബാക്കിയുള്ളവ ആശുപത്രിവളപ്പിൽതന്നെ കത്തിക്കുകയാണ് പതിവെന്ന് പരിസരവാസികൾ പറയുന്നു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി തരംതാഴ്ത്തിയതോടെ ഓഫീസും ഫയലുകളും ഇവിടെനിന്ന് കൊണ്ടുപോയി. വണ്ടിയും ഡ്രൈവറുമടക്കം ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഇവിടെനിന്നുമാറ്റി . ആശുപത്രി തരംതാഴ്ത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് നാട്ടുകാർ പരാതി നൽകിയിരുന്നു. ജില്ലയുടെ വടക്കേ അറ്റത്തു പാലക്കാട് ജില്ലയോടുചേർന്നുള്ള ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതിനിടെയായിരുന്നു തരംതാഴ്ത്തൽ നടപടി.
തിരുവില്വാമലയിലേയും പരിസരപ്രദേശങ്ങളിലേയും സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. രാവിലെ ഒ.പി. വിഭാഗത്തിൽ നല്ല തിരക്കാണ്. എന്നാൽ ആറുമണി കഴിഞ്ഞാൽ രോഗികൾ ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ല.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായിരുന്ന സർക്കാർ ആശുപത്രികളെല്ലാം സൗകര്യങ്ങള്, ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സൗകര്യങ്ങൾ കുറയുന്ന അവസ്ഥയാണ്.