സഹപാഠിയായ ജനപ്രതിനിധിയുടെ പദ്ധതിക്ക് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം
1574466
Thursday, July 10, 2025 1:07 AM IST
പെരിഞ്ഞനം: സഹപാഠിയായ ജനപ്രതിനിധിയുടെ അഭിമാനപദ്ധതിക്ക് പ്രിയ സുഹൃത്തുക്കളുടെ സ്നേഹ സമ്മാനം. മതിലകം ബ്ലോക്ക് മെമ്പർ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന "വായനാവാടി' എന്ന മാതൃകാ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്ത് രണ്ടാം വാർഡിലെ ജയശ്രീ അങ്കണവാടിയിൽ അഞ്ചു ലക്ഷം രൂപയുടെ പുസ്തകങ്ങളും വായന സൗകര്യങ്ങളുമുള്ള വായനശാല ഒരുക്കുകയാണ് സുഹൃത്തുക്കൾ.
ഈ വായനാവാടിയിലേക്ക് കെകെടിഎം കോളജിലെ പഴയ എസ്എഫ്ഐ പ്രവർത്തകരായ കുറച്ചുപേർ ചേർന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി സമാഹരിച്ച 30,000 രൂപയുടെ പുസ്തകങ്ങളാണ് വാങ്ങിനൽകുന്നത്. ഈ ജനകീയ പദ്ധതി നടപ്പാക്കുന്ന ബ്ലോക്ക് മെമ്പറുടെ കലാലയ സുഹൃത്തുക്കളാണിവരെല്ലാം എന്ന പ്രത്യേകതയുമുണ്ട്.
ബ്ലോക്ക് ഡിവിഷൻ 14ലെ സാധ്യമായ എല്ലാ അങ്കണവാടികളിലും ഇത്തരത്തിൽ വായനശാലകളൊരുക്കുന്ന വായനാവാടിയെന്ന പദ്ധതിയുടെ ഭാഗമായൊരുക്കുന്ന ആദ്യ വായനശാലയിലേക്കാണ് 30,000 രൂപയുടെ പുസ്തകങ്ങൾ ഇവർ വാങ്ങി നൽകുന്നത്.
സഹായ സന്നദ്ധതയുടെ ഔപചാരിക രേഖകൾ സംഘാടകർ ഏറ്റുവാങ്ങി. പദ്ധതിയുടെ ജനറൽ കോ ഓർഡിനേറ്ററായ ആർ.കെ. ബേബി, കൺവീനർ കെ.ജി. സജീവ്, ട്രഷറർ ആർ.എസ്. രഘുനാഥ്, സഹഭാരവാഹികളായ കോഴിപ്പറമ്പിൽ സജീവൻ, നിഷ രവീന്ദ്രൻ, പൂർവ വിദ്യാർഥി നേതാക്കളായ ടി. കെ. സജീവൻ, അനിത, നിസാർ, സജ ശശിധരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.