ആരോഗ്യമേഖല ഇങ്ങനെപോയാൽ ജീവനുകൾ ഇനിയും പൊലിയും: അഡ്വ. ജോസഫ് ടാജറ്റ്
1574728
Friday, July 11, 2025 2:03 AM IST
തൃശൂർ: കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷിയാണു കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് സംഘടിപ്പിച്ച ധർണയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജനറൽ ആശുപത്രിക്കു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആരോഗ്യമേഖല ഇങ്ങനെ മുന്നോട്ടുപോയാൽ നിരവധി മനുഷ്യജീവനുകൾ ഇനിയും പൊലിയും. നാടിന്റെ ഹൃദയമിടിപ്പായ ആരോഗ്യമേഖലയെ എൽഡിഎഫ് സർക്കാർ സ്വാഭാവികമരണത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്. തെറ്റു ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ സംഘംചേർന്ന് ആക്രമിക്കുന്നതു കുറ്റബോധം കൊണ്ടാണെന്നും ടാജറ്റ് പറഞ്ഞു.
തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, പി. ശിവശങ്കരൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സുബി ബാബു, ജേക്കബ് പൂലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, അഡ്വ. ആശിഷ് മൂത്തേ ടത്ത്, മുകേഷ് കൂളപ്പറന്പിൽ, മേഴ്സി അജി, ലീല, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, ആൻസി ജേക്കബ് എന്നിവർ പങ്കെടുത്തു.
വിവിധ ബ്ലോക്കുകളിൽ താലൂക്ക്, സർക്കാർ ആശുപത്രികൾക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.