അന്വേഷണം ആവശ്യപ്പെട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത്
1574732
Friday, July 11, 2025 2:03 AM IST
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്ന സംഭവത്തിൽ അന്വേഷണംനടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ.
പുതുക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. സീലിംഗ് തകർന്നതിലുണ്ടായ നഷ്ടം കരാർ കമ്പനിയിൽനിന്ന് ഈടാക്കാനും തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞദിവസമാണ് ഐസൊലേഷൻ വാർഡിന്റെ മുൻവശത്തെ സീലിംഗ് കാറ്റിൽവീണത്. വാർഡിൽ നടക്കുന്ന വൈദ്യുതീകരണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെറിയതോതിലുള്ള പോരായ്മകൾ വലുതാക്കി, ജില്ലയിലെതന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയെ മോശമായി ചിത്രീകരിക്കാനും സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കി സ്വകാര്യ ആശുപത്രികൾക്ക് നേട്ടമുണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കെ.എം. ചന്ദ്രൻ പറഞ്ഞു.