ഹൃദയ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം പോപ്പ് പോൾ മേഴ്സിഹോമിനു സമ്മാനിച്ചു
1574471
Thursday, July 10, 2025 1:07 AM IST
അത്താണി: തൃശൂരിലെ ജീവകാരുണ്യസംഘടനയായ ഹൃദയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിനു സമ്മാനിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ട് ഏറ്റുവാങ്ങി.
കരുതിക്കൂട്ടി വെറുപ്പ് ഉത്പാദിപ്പിക്കുന്ന കരുണവറ്റിയ സമൂഹമായി നാടുമാറിയെന്നും സമൂഹമാധ്യമങ്ങളുടെ വരവോടെ ആർക്കും ആരെയും എന്തും പറയാനും അവഹേളിക്കാനുമുള്ള ഇടമായി കേരളം കൂപ്പുകുത്തുകയാണെന്നും സമദാനി പറഞ്ഞു. സ്നേഹശൂന്യതയാണ് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ഈ സാഹചര്യത്തിലാണ് ഹൃദയ ഫൗണ്ടേഷന്റെ നന്മയുള്ള പ്രവൃത്തിയെന്നതു പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൃദയ ഫൗണ്ടേഷൻ ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കവയിത്രി ശ്രീദേവി അന്പലപുരം മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ മധു അന്പലപുരം, ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, ഫാ. അനീഷ് ചിറ്റിലപ്പിള്ളി, എൽദോ തോമസ്, അഡ്വ. സുശീൽ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർഥികളുടെ കലാപരിപാടികളും ജെറിൻ ആൻഡ് ടീമിന്റെ കോമഡി ഫിഗർഷോയും ഉണ്ടായിരുന്നു.