തൃശൂരിലും കുടുംബശ്രീ ക്വിക്ക് സെർവ്
1574465
Thursday, July 10, 2025 1:07 AM IST
തൃശൂർ: വീടു വൃത്തിയാക്കണോ, കുട്ടികളെ നോക്കണോ... വീട്ടിലെ പാചകപ്പണികൾ ചെയ്യണോ... ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും ക്ലീനാക്കണോ... ഇനി എന്തിനും ഏതിനും തൃശൂരിൽ കുടുംബശ്രീയുടെ സേവനം കിട്ടും.
ക്വിക്ക് സെർവ് എന്നപേരിൽ കുടുംബശ്രീ നൽകുന്ന പുതിയ സേവനങ്ങൾക്കു തൃശൂരിലും തുടക്കമായി. തൃശൂർ കോർപറേഷൻ കുടുംബശ്രീയാണ് ഇതുനു തുടക്കമിട്ടിരിക്കുന്നത്.
ഒരു ഫോണ്വിളിയിൽ നിങ്ങൾക്കാവശ്യമുള്ള സേവനങ്ങൾ ചെയ്തുതരാൻ തയാറായ ഒരു വലിയ സംഘത്തെത്തന്നെ കുടുംബശ്രീ പരിശീലനംനൽകി തയാറാക്കിയിട്ടുണ്ട്. കിടപ്പുരോഗികളെ പരിചരിക്കാനും കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവരെ പരിചരിക്കാനും ആശുപത്രിയിൽ കൂട്ടിരിപ്പിനും കുടുംബശ്രീ ക്വിക്ക് സെർവിൽ പരിശീലനം സിദ്ധിച്ച അംഗങ്ങളുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിലുള്ള സേവനമായതുകൊണ്ടുതന്നെ ജോലികൾ വിശ്വസിച്ചേൽപ്പിക്കാമെന്നതാണ് നേട്ടം. കോർപറേഷൻ പരിധിയിൽ മാത്രമല്ല, കോർപറേഷനു പുറത്തേക്കും സേവനം നൽകും.
സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കുടുംബശ്രീ ക്വിക്ക് സെർവ് ടീമുകളെ സജ്ജരാക്കാൻ നേരത്തേതന്നെ സംസ്ഥാനതലത്തിൽ കുടുംബശ്രീ തീരുമാനിച്ച് നടപടികളുമായി മുന്നോട്ടുപോയിരുന്നു.
മണിക്കൂർ അടിസ്ഥാനത്തിൽ തുടങ്ങി വീട്ടിൽ താമസിച്ചു സേവനംനൽകുന്ന തരത്തിൽവരെയുള്ള പാക്കേജുകളാണുള്ളത്. ചെറിയ ജോലികൾക്കു 350 രൂപയാണ് ആദ്യമണിക്കൂറിൽ ഈടാക്കുക. പിന്നീടുള്ള ഓരോ മണിക്കൂറിലും 75 രൂപവീതം. വീടുകളിൽ താമസിച്ച് സേവനംചെയ്യുന്നതിനു പ്രതിമാസനിരക്ക് വേറെയാണ്. പണം ക്വിക്ക് സെർവിന്റെ അക്കൗണ്ടിലേക്കാണ് അയയ്ക്കേണ്ടത്.
തൃശൂർ കോർപറേഷനിൽ ക്വിക്ക് സർവ് തുടങ്ങിയപ്പോൾതന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇപ്പോൾ നൽകുന്ന സേവനങ്ങൾക്കുപുറമെ പുതിയ സേവനങ്ങൾ നൽകുന്നതിനായി കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്കു പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 85474 33669, 79070 68798 എന്നീ ഫോണ്നന്പറുകളിൽ ബന്ധപ്പെട്ടാൽ കുടുംബശ്രീ ക്വിക്ക് സെർവിന്റെ സേവനം ലഭിക്കും.