കഞ്ചാവുകേസിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ
1574472
Thursday, July 10, 2025 1:07 AM IST
ഗുരുവായൂർ: കഞ്ചാവ് കൈവശംവച്ചതിനു ജയിൽശിക്ഷ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിയെ 124.68 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂർ കറുപ്പംവീട്ടിൽ അൻസാർ(24)നെയാണു ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിന്‍േറായുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തൈക്കാട് പള്ളിറോഡിൽ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നേരത്തെ ഒന്നരക്കിലോ കഞ്ചാവുമായി ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ 55 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് മയക്കുമരുന്നുകേസിൽ പിടിയിലായത്. തീരദേശമേഖലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. സുനിൽ, എ.എൻ. ബിജു, എം.എ. അക്ഷയകുമാർ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.