പാലത്തിൽനിന്ന് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി
1574647
Thursday, July 10, 2025 11:13 PM IST
കാടുകുറ്റി: ഞർളക്കടവ് പാലത്തിൽനിന്ന് ചാലക്കുടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി. കണ്ടെടുത്ത മൃതദേഹം ശിൽപ്പിയും ചിത്രകാരനുമായ പുത്തൻചിറ ഉല്ലാസ് നഗറിൽ പണിക്കശേരി സുഗതന്റേ(53)താണെന്ന് സ്ഥിരീകരിച്ചു. പാലത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ ഇന്നലെ രാവിലെ മൃതദേഹം പൊന്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പോലീസിനു കൈമാറി. തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാടുകുറ്റി ഞർളക്കടവ് പാലത്തിൽ നിന്ന് ഇയാൾ ചാലക്കുടി പുഴയിലേക്ക് ചാടിയത്.
തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എൻഡിആർഎഫും, സ്കൂബ ടീമും ഫയർഫോഴ്സും ചാലക്കുടി പുഴയിൽ ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ തെരച്ചിൽ തുടരാനിരിക്കെ ആയിരുന്നു പുഴയിൽ മൃതദേഹം പൊന്തിയത്. സംസ്കാരം നടത്തി. ഭാര്യ: സിമി.