ഇരിങ്ങാലക്കുട നഗരസഭാ അധികൃതരില്‍ നിന്നും വിശദീകരണം തേടും
1574467
Thursday, July 10, 2025 1:07 AM IST
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയില്‍ ഹാജരാകാത്ത തദ്ദേശസ്ഥാപന അധികൃതരില്‍ നിന്നും വിശദീകരണം തേടാന്‍ സമിതി യോഗത്തില്‍ തീരുമാനം.
ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കല്‍, തകര്‍ന്നുകിടക്കുന്ന പട്ടണത്തിലെ റോഡുകള്‍, നഗരസഭ പാര്‍ക്കിന്റെ പോരായ്മകള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തിന് മുമ്പാകെ എത്തിയെങ്കിലും നഗരസഭയെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ യോഗത്തിന് എത്തിയിരുന്നില്ല.
വികസന സമിതിയെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന് പറഞ്ഞു. നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച പ്രകടമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളിയും യോഗത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ടെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി സാം തോംസണും പറഞ്ഞു.
കാറളം പഞ്ചായത്തിലെ 72 ഗുണഭോക്താക്കള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യു വിഷയത്തില്‍ കൃത്യമായ നടപടികള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് വരേണ്ടതുണ്ടെന്നും ആന്റോ പെരുമ്പിള്ളി പറഞ്ഞു.
അനുകൂലമായ ഉത്തരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടികള്‍ നടക്കുന്നുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്ത വിഷയം യോഗത്തില്‍ ഉയര്‍ന്നു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് നവീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കരുവന്നൂര്‍ ഭാഗത്ത് നിലച്ച അവസ്ഥയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ കെഎസ്ടിപി അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചു.
നാലമ്പല തീര്‍ഥാടനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പടിയൂര്‍ പുളിക്കലച്ചിറയിലെ താത്കാലിക ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.
ചാലക്കുടി എംപിയുടെ പ്രതിനിധി എ. ചന്ദ്രന്, പുതുക്കട് എംഎല്‍എയുടെ പ്രതിനിധി എ.വി. ചന്ദ്രന്, കെഡിപി പ്രതിനിധി കാര്ത്തികേയന്, കേരള കോണ്‍ഗ്രസ് പ്രതിനിധി ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ സിമീഷ് സാഹു സ്വാഗതം പറഞ്ഞു.