എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തും: മന്ത്രി
1574739
Friday, July 11, 2025 2:03 AM IST
കാട്ടൂര്‍: സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുസമീപത്തെ കുടിവെള്ള സ്രോതസുകളില്‍ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്താന്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രദേശങ്ങളിലെ മണ്ണ് പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
കാട്ടൂര്‍ പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മറ്റ് വകുപ്പുകള്‍ക്കും പരാതി നല്‍കുകയും പ്രശ്നം താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കാക്കനാടുള്ള റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചുറ്റുവട്ടത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ പിഎച്ച് വളരെ താഴെയാണെന്നും അലുമിനിയം, സിങ്ക്, ഓയില്‍, ഗ്രീസ് തുടങ്ങിയ മാലിന്യങ്ങള്‍ കാണുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.
എസ്റ്റേറ്റിലെ ചില കമ്പനികള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ പോലും മലിനമാക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.