ഗുരുവായൂരിൽ ഭക്തരുടെ വൻ തിരക്ക്; പ്രസാദഉൗട്ടിൽ പങ്കെടുത്തത് 10,000 പേർ
1574464
Thursday, July 10, 2025 1:07 AM IST
ഗുരുവായൂർ: ദേശീയ പണിമുടക്കുദിനത്തിലും ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ ക്ഷേത്രത്തിലെ പ്രസാദഉൗട്ട് ഭക്തർക്ക് അനുഗ്രഹമായി. ഉച്ചയ്ക്ക് 7,500 പേർക്കുള്ള ഭക്ഷണം വിതരണംചെയ്തു. 2,500 പേർക്ക് പ്രഭാതഭക്ഷണവും നൽകി.
ആദ്യം തയാറാക്കിയ പ്രഭാതഭക്ഷണം തീർന്നതിനാൽ വീണ്ടും ഉണ്ടാക്കിനൽകുകയായിരുന്നു. രാവിലെ 9.30വരെ പ്രഭാതഭക്ഷണവും വൈകീട്ട് മൂന്നുവരെ ഉച്ചഭക്ഷണവും നൽകി. അഡ്മിനിസ്ട്രറ്റേർ ഒ.ബി. അരുണ്‍കുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥർ പ്രസാദഉൗട്ടിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. ക്ഷേത്രത്തിൽ ഇന്നലെ 17 വിവാഹങ്ങളും 141 ചോറൂണും നടന്നു.
ക്ഷേത്രനഗരിയിൽ പണിമുടക്ക് പൂർണമായിരുന്നു. ക്ഷേത്രനടയിൽ തുറന്ന ഹോട്ടൽ അടക്കമുള്ള ഏതാനും വ്യാപാരസ്ഥാപനങ്ങൾ സമരക്കാർ അടപ്പിച്ചു.
ഹോട്ടലിനുനേരെ
ആക്രമണം
ഗുരുവായൂർ: പടിഞ്ഞാറെനടയിൽ തുറന്നുപ്രവർത്തിച്ച ഹോട്ടലിനുനേരെ സമരാനുകൂലികൾ ആക്രമണം നടത്തി. ഹോട്ടൽ സൗപർണികയ്ക്കുനേരെയാണ് രാവിലെ പതിനൊന്നരയോടെ ആക്രമണമുണ്ടായത്. ഹോട്ടലിനുമുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും തകർന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി.
ടെന്പിൾ എസ്എച്ച്ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തു. പടിഞ്ഞാറേ നടയിൽ ഇന്നർ റിംഗ് റോഡിൽ തുറന്നുപ്രവർത്തിച്ച തുണിക്കടയിലെ സാധനങ്ങൾ സമരാനുകൂലികൾ വലിച്ചുപുറത്തിട്ടു. ക്ഷേത്രപരിസരത്ത് അക്രമം നടത്തിയതിൽ ബിജെപി പ്രതിഷേധിച്ചു.