കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ശക്തമായ പോരാട്ടം അനിവാര്യം: പ്രതാപൻ
1574463
Thursday, July 10, 2025 1:07 AM IST
തൃശൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷകവിരുദ്ധ നയങ്ങൾക്കെതിരേയും സംസ്ഥാനസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേയും സന്ധിയില്ലാസമരവുമായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുമെന്നും ടി.എൻ. പ്രതാപൻ. സംസ്ഥാനത്തെ ആശ, അങ്കണവാടി തൊഴിലാളികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്നുനടിക്കുന്ന സർക്കാരിന്റെ വഞ്ചനപരമായ നിലപാടുകൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യുഡിഎഫ് സംഘടനകളുടെ കൂട്ടായ്മയായ യുഡിടിഎഫിന്റെ (ഐക്യ ജനാധിപത്യ ട്രേഡ് യൂണിയൻ) നേതൃത്വത്തിൽ സിഎംഎസ് സ്കൂളിനു മുൻപിൽനിന്നും എജി ഓഫീസിനു മുൻവശത്തേക്കു നടത്തിയ പ്രകടനത്തിനുശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിടിഎഫ് ജില്ലാ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ വി.എ. ഷംസുദീൻ, കെ.എൻ. നാരായണൻ, പി.എ. ഷാഹുൽഹമീദ്, സി.വി. കുരിയാക്കോസ്, തോമസ്, ബി. ശശീന്ദ്രൻ, കെ.ബി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.