പോലീസുകാർക്കെതിരേ കേസെടുക്കാന്‍ കോടതി വിധി
1574734
Friday, July 11, 2025 2:03 AM IST
കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിക്കുകയും പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരേ കേസെടുത്ത് കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്.
2023 ഏപ്രിൽ അഞ്ചിന് ചൊവ്വന്നൂരിൽവച്ച് വഴിയരികിൽനിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് എസ്ഐയും സിപിഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു.
തുടർന്ന് കോടതിയുടെ നിർദേശാനുസരണം വൈദ്യപരിശോധനയിൽ പോലീസ് അക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് തകരാർ സംഭവിച്ചു എന്നു തെളിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതിനൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായി. പോലീസിനെതിരേ സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്. സുജിത്തിനുവേണ്ടി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്കൂടിയായ അഡ്വ.സി.ബി. രാജീവ് ഹാജരായി.
പോലീസുകാർതന്നെ പ്രതികളായ കേസായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കേസിന്റെ തുടർനടപടികൾ.