ബിജെപി മാർച്ച് തടയാൻ പോലീസ് ഏർപ്പെടുത്തിയ സന്നാഹം ജനത്തെ വലച്ചു
1574729
Friday, July 11, 2025 2:03 AM IST
കൊടുങ്ങല്ലൂർ: ബിജെപി മാർച്ചിനെ തുടർന്ന് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനം വലഞ്ഞു. നഗരസഭയിലെ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ബിജെപി ഇന്നലെ നഗരസഭ ഓഫീസ് മാർച്ച് നടത്തിയത്. എന്നാൽ രാവിലെത്തന്നെ നഗരത്തിലേക്കുള്ള വാഹന ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി.
ചന്തപ്പുരയിൽനിന്നും വടക്കേനട വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വടക്കേ നടയിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം സമരക്കാരെ നേരിടാൻ ബാരിക്കേഡുകൾ ഉയർത്തിയതോടെ ഈ വഴിക്കുള്ള കാൽ നടയാത്രപോലും തടസപ്പെട്ടു. തൃശൂരിൽ നിന്നും വന്ന ബസുകളെല്ലാം കാവിൽക്കടവിൽ സർവീസ് അവസാനിപ്പിക്കേണ്ടിവന്നു. തൃശൂരിലേക്കു പോകേണ്ട യാത്രക്കാർ നഗരത്തിൽ ബസില്ലാതെ പലയിടങ്ങളിലായി വലഞ്ഞു. വാഹനങ്ങൾ തെക്കേനടയിലേക്ക് വരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
താലൂക്ക് ആശുപത്രിയിലേക്കും ആശുപത്രിയിൽനിന്ന് തിരിച്ചും പോകേണ്ടിയിരുന്ന ആംബുലൻസുകളും വഴിമാറി സഞ്ചരിക്കേണ്ടിവന്നു. കനത്ത പോലീസ് ബന്തവസിലായിരുന്നു നഗരം. അക്ഷരാർഥത്തിൽ നഗരത്തിലേക്കുവന്ന പൊതുജനങ്ങളെയും വാഹനങ്ങളെയും മൂന്നു മണിക്കൂറോളം പോലീസ് തടയുകയായിരുന്നു.
ബിജെപി മാർച്ചിനെതിരെ പോ ലീസ് നടത്തിയ ഉപരോധം മൂന്നുമണിക്കൂർ നേരത്തേയ്ക്ക് കൊടുങ്ങല്ലൂരിന്റെ ഗതാഗതവും ജനജീവിതവും സ്തംഭിപ്പിച്ചതിൽ സ്വാസ്ഥ്യം ആരോഗ്യപരിസ്ഥിതിക്കൂട്ടായ്മ ശക്തിയായി പ്രതിഷേധിച്ചു.