അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം
1574978
Saturday, July 12, 2025 1:24 AM IST
സ്വന്തം ലേഖകൻ
അയ്യന്തോൾ: നാടാകെ തെരുവുനായ്ശല്യം രൂക്ഷമാകുന്പോൾ ജില്ലയുടെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം. കിടാങ്ങളടക്കമുള്ള പതിനഞ്ചോളം കന്നുകാലികളാണ് ഉടമസ്ഥരില്ലാതെ കളക്ടറേറ്റ് പരിസരത്തു രാവെന്നോ പകലെന്നോ ഭേദമില്ലാതെ അലഞ്ഞുതിരിയുന്നത്.
കോടതികളിലേക്കും സിവിൽ സ്റ്റേഷനിലേക്കുമടക്കം എത്തുന്ന കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രക്കാർക്കും കന്നുകാലികൾ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ബസുകളുടെ മുന്നിലേക്കുവരെ പാഞ്ഞുവരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറെനേരം ഗതാഗതം തടസപ്പെടുന്ന സ്ഥിതിവരെ അയ്യന്തോളിലുണ്ടായിട്ടുണ്ട്.
റോഡിനു നടുവിൽ കിടാങ്ങൾ കിടക്കുന്പോൾ അവയ്ക്കു സംരക്ഷണമൊരുക്കി ചുറ്റും നിലയുറപ്പിക്കുന്ന കന്നുകാലികൾ ആളുകളും വാഹനങ്ങളും അടുത്തെത്തുന്പോൾ കിടാങ്ങളെ എടുക്കാൻ വരുന്നതാണെന്നു കരുതി അക്രമകാരികളാവുകയാണ്. ജില്ലാ കോടതി ജീവനക്കാരിയെയും സിവിൽ സ്റ്റേഷൻ ജീവനക്കാരനെയുമൊക്കെ ഈ കന്നുകാലികൾ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയെ പിടികൂടാനുള്ള നടപടികളുമായിട്ടില്ല. അലഞ്ഞുതിരിയുന്ന ഇവയ്ക്ക് ഉടമസ്ഥരുണ്ടോ എന്നുപോലും ആർക്കുമറിയില്ല.
ഇങ്ങനെ അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ കളക്ടറേറ്റ് ക്വാർട്ടേഴ്സിനുസമീപം കന്നുകാലി ഷെൽട്ടർ ആരംഭിച്ചെങ്കിലും ഇപ്പോഴതു പ്രവർത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ കളക്ടറേറ്റ് കോന്പൗണ്ടിലും കളക്ടറേറ്റിനുമുന്നിലുള്ള ബസ് ഷെൽട്ടറിലുമാണ് ഇപ്പോൾ ഇവ കിടക്കുന്നത്. ബസ് ഷെൽട്ടർ ചാണകമിട്ടു ദുർഗന്ധപൂരിതമാക്കിയിട്ടുണ്ട്.
അതുകൊണ്ട് ബസ് ഷെൽട്ടറിനകത്തു യാത്രക്കാർ കയറുന്നില്ല. മഴയത്തു കന്നുകാലികൾ ബസ് ഷെൽട്ടറിനകത്തും ആളുകൾ ബസ് ഷെൽട്ടറിനു പുറത്തും നിൽക്കുന്ന കാഴ്ചയാണുള്ളത്.