നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നു മന്ത്രി
1574992
Saturday, July 12, 2025 1:24 AM IST
പള്ളിവളവ്: നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കയ്പമംഗലം മണ്ഡലത്തിലെ മതിലകം, എറിയാട്, പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 262 കുടുംബങ്ങൾക്കും മതിലകം പഞ്ചായത്തിൽ അഞ്ച് നാടോടി കുടുംബങ്ങൾക്കും നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ഭൂരേഖകൈമാറ്റം മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി.
അതിദരിദ്ര പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അതിനായി നിരവധി മൈക്രോ പ്ലാനുകളാണ് സർക്കാർ നടപ്പിലാക്കിയത്. സംസ്ഥാനത്ത് 64006 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതിൽ 93 ശതമാനം ആളുകൾ അതിദരിദ്ര പട്ടികയിൽ നിന്ന് ഒഴിവായി. ബാക്കി 7 ശതമാനം ആളുകളെയും മോചിപ്പിച്ച് നവംബർ ഒന്നിന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
മതിലകം പഞ്ചായത്തിൽ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ.ഗിരിജ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ ഹരിലാൽ, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
പെരിഞ്ഞനം പഞ്ചായത്തിൽ സമഗ്ര ആരോഗ്യ പദ്ധതി സർവേ റിപ്പോർട്ട് സമർപ്പണത്തിന്റേയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എൽടിഎസ് മുഖേന പൂർത്തിയാക്കിയ ഇന്റലിജന്റ്് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനീത് മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ. ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹേമലത രാജുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.