വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങൾക്കു സെന്റ് ജോസഫ്സിൽനിന്നു മൂന്നുപേർ
1574979
Saturday, July 12, 2025 1:24 AM IST
ഇരിങ്ങാലക്കുട: ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവാന്‍ സെന്റ് ജോസഫ്സ് കോളജില്‍നിന്നു മൂന്നുപേർ. ഇന്ത്യന്‍ യൂണിവേഴ്സിറ്റി പുരുഷ - വനിതാവിഭാഗം ബാസ്കറ്റ്ബോള്‍ ടീമിന്റെ സൈക്കോളജിസ്റ്റായി കോളജിലെ കായികവിഭാഗം അധ്യാപകന് ഡോ. സ്റ്റാലിന് റാഫേല്‍, വനിതാ ബാസ്കറ്റ്ബോള്‍ ടീമിന്റെ സഹപരിശീലകനായി ജോണ്സണ് തോമസ്, ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാവിഭാഗം വോളിബോള്‍ ടീമംഗമായി കോളജിലെ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥിനി റെനി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഒരു കോളജില്‍നിന്നു ലോകമേളയിൽ വ്യത്യസ്തമായ മൂന്നുവിഭാഗങ്ങളില്‍ അംഗങ്ങളായി പങ്കെടുക്കുന്ന അപൂര്‍വനേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കോളജാണ് സെന്റ് ജോസഫ്സ്.
സ്പോര്‍ട്സ് സൈക്കോളജിയില്‍ അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനുള്ള സ്പോര്‍ട്സ് സൈക്കോളജിസ്റ്റാണ് ഡോ. സ്റ്റാലിന് റാഫേല്‍. എന്‍ഐഎസ് ഡിപ്ലോമയില്‍ രണ്ടാംറാങ്കുകാരനായ ജോണ്സണ് തോമസ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകനാണ്. പാലക്കാട് സ്വദേശിനിയായ റെനി ജോസഫ്, അഞ്ചുവര്‍ഷമായി സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി, കേരള ജൂണിയര്‍ വോളിബോള്‍ ടീമുകളിലും അംഗമായിട്ടുണ്ട്.
നിരവധി അന്തര്‍ദേശീയ, ദേശീയ കായികതാരങ്ങളെ കേരളത്തിനു സംഭാവനചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിന്റെ ഈ അപൂര്‍വനേട്ടം, സ്പോര്‍ട്സ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണയുഗത്തിന് ആരംഭം കുറിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അഭിപ്രായപ്പെട്ടു.