വീട് കത്തിനശിച്ചു
1575534
Monday, July 14, 2025 1:07 AM IST
ഏങ്ങണ്ടിയൂർ: വീട് കത്തിനശിച്ചു. മൂന്നാംവാർഡിൽ പനയംകുളങ്ങര ക്ഷേത്രത്തിനുവടക്ക് തേർവീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ഉഷയുടെ ഓലമേഞ്ഞവീടാണ് ഇന്നലെരാവിലെ എട്ടോടെ പൂർണമായി കത്തിനശിച്ചത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഉഷ വീടുകളിൽ പണിക്കുപോയ നേരത്താണ് വീടിനു തീപിടിച്ചത്. നിമിഷനേരംകൊണ്ട് എല്ലാം കത്തി ചാമ്പലായി. ആളുകൾ ഓടിക്കൂടിയെങ്കിലും തീ കെടുത്താൻ കഴിഞ്ഞില്ല. ആധാരം, ആധാർകാർഡ്, റേഷൻ കാർഡ് അടക്കമുള്ള രേഖകളും ടിവി, പുതിയ അലമാര, കസേരകൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ അടക്കം എല്ലാം കത്തിനശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷടക്കം നിരവധിപേർ വീട്ടിലെത്തി. താമസിക്കാൻ ഇടമില്ലാതായ ഉഷ തൽക്കാലം പണിക്കുപോകുന്ന വീട്ടിൽ താമസിക്കും.
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഉഷയെ വീട് നിർമിക്കുംവരെ വാടകവീടെടുത്ത് താമസിപ്പിക്കുമെന്ന് പഞ്ചായത്ത് ജനപ്രതിനിധികൾ അറിയിച്ചു.