പച്ചപ്പിൽ പതിയിരിക്കും പകർച്ചവ്യാധികൾ...
1575848
Tuesday, July 15, 2025 2:03 AM IST
സി.ജി. ജിജാസൽ
തൃശൂർ: കാലാവസ്ഥയിലെ അടിക്കടിയുള്ള മാറ്റങ്ങൾ പലവിധ രോഗങ്ങൾക്കും വഴിവയ്ക്കുന്പോൾ നമ്മുടെ അറിവില്ലായ്മയും പലവിധ പകർച്ചവ്യാധികൾക്കും വഴിതുറക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനിബാധിതരുടെ എണ്ണം പ്രതിദിനം ആയിരം കടക്കുന്ന ജില്ലയിൽ ഡെങ്കിപ്പനിബാധിതരുടെ എണ്ണവും ഉയരുന്ന സാഹചര്യത്തിലാണ് പച്ചപ്പിൽ പതിയിരിക്കുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത്.
നിലവിലെ റിപ്പോർട്ടുകൾപ്രകാരം ഈ മാസത്തെ ആദ്യ ഒൻപതു ദിവസങ്ങളിൽ ജില്ലയിൽ 49 പേർക്കു ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 109 പേർ ഡെങ്കി ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. തൃശൂർ കോർപറേഷനിലാണ് കൂടുതൽ പേർക്കും ഡെങ്കി റിപ്പോർട്ടുചെയ്തത് - 12 പേർ. ഇതിനിടെ ജില്ലയിൽ മലേറിയയും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഡെങ്കിക്കു പച്ചപ്പിന്റെ കൂട്ട്
പലരും വീട്ടിൽ അലങ്കാരത്തിനായി വയ്ക്കുന്ന ഇൻഡോർ പ്ലാന്റുകൾ ഡെങ്കിപ്പനി പടരാൻ പ്രധാന വഴികളിലൊന്നാണെന്ന് അധികൃതർ പറയുന്നു. വീടിനുള്ളിലെ പ്ലാന്റ് പാത്രങ്ങളിൽ വെള്ളം ദിവസങ്ങളോളം മാറ്റാതെ സൂക്ഷിക്കുന്നതു കൊ തുകുകൾക്കു വളരാനുള്ള സാഹചര്യം ഒരുക്കുകയാണ്. ഡെങ്കി പരത്തുന്ന കൊതുകുകൾക്ക് 50 മീറ്ററോളംമാത്രമാണ് പറക്കാൻ കഴിയുക. അതിനാൽതന്നെ രോഗം വീട്ടിൽനിന്നുതന്നെയാണ് പിടിപെടുന്നതെന്നും ഡിഎംഒ ടി.പി. ശ്രീദേവി ദീപികയോടു പറഞ്ഞു.
പലരും മണിപ്ലാന്റ് അടക്കമുള്ള ചെടികൾ വീടുകളിൽ വയ്ക്കുന്നതു പണവും ഐശ്വര്യവും വരുമെന്ന വിശ്വാസത്തിലാണെന്നും എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ പണമല്ല പണിയാണ് ഇതിലൂടെ കിട്ടുകയെന്നും ആരോഗ്യവകുപ്പ് പറയുന്നു.
ശ്രദ്ധിക്കുക
• പ്ലാന്റുകളുടെ വെള്ളം
ദിവസേന മാറ്റുക.
• ചെടികൾ വളർത്തുന്ന കുപ്പിക
ളുടെ വായ്വട്ടം പഞ്ഞികൊണ്ട്
അടയ്ക്കുക.
• പരിസരം വൃത്തിയായി
സൂക്ഷിക്കുക
• പനി, തലവേദന, കാഴ്ചക്കുറവ്
തുടങ്ങിയ ലക്ഷണങ്ങൾ
കണ്ടാൽ ഉടൻ ചികിത്സതേടുക.
റിപ്പോർട്ട് ചെയ്ത് മലേറിയയും
പകർച്ചപ്പനികൾ പടരുന്ന ജില്ലയിൽ മലേറിയയും. ഈ മാസം ഇതിനകം ആറുപേർക്കാണ് മലേറിയ ബാധിച്ചിരിക്കുന്നത്.
ഈ മാസം ഒന്നിനു നാലുപേർക്കു മലേറിയ സ്ഥിരീകരിച്ചു. മാള, അവണൂർ, കോലഴി, കൈപ്പറന്പ് എന്നിവിടങ്ങളിൽനിന്നാണ് മലേറിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തോളൂർ, മതിലകം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും മലേറിയ ബാധിച്ചു. കൊതുകുജന്യരോഗങ്ങളിൽ ഏറ്റവും മാരകമായ ഒന്നായ മലേറിയ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും.
പനി, വിറയൽ, തലവേദന, ഓക്കാനം, ഛർദി , വിളറിയ മഞ്ഞച്ച തൊലിപ്പുറം , സന്ധിവേദന, വിളർച്ച, മൂത്രത്തിന്റെ നിറംമാറ്റം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ.
പനിബാധിതർ 1000
പനിബാധിതരുടെ എണ്ണം കുറയാതെ തൃശൂർ ജില്ല. ഒടുവിലെ റിപ്പോർട്ടുകൾപ്രകാരം ഈ മാസം ഒന്പതുവരെ 9332 പേർ പനിബാധിച്ച് ചികിത്സതേടിയപ്പോൾ 102 പേരെ അഡ്മിറ്റ് ചെയ്തു. ഇതിൽ നാലാംതീയതിയാണ് കൂടുതൽ പനിബാധയും റിപ്പോർട്ട് ചെയ്തത് -1120 പേർ. കുറവ് ആറിന് - 720 പേർ.
എലിപ്പനിയെതുടർന്ന് 14 പേർ ചികിത്സ തേടിയപ്പോൾ 20 പേർ എലിപ്പനിസംശയത്തിലും ചികിത്സ തേടി. ഒരു മരണം സ്ഥിരീകരിച്ചു. 17 പേർക്കു ഹെപ്പറ്റൈറ്റിസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
അതിർത്തികൾകടന്ന് മലേറിയ;
ആശങ്ക വേണ്ടെന്നു ഡിഎംഒ
ജില്ലയിൽ മലേറിയ ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലേറിയബാധ പടരുന്നില്ലെന്നും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന തൊഴിലാളികളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നതെന്നും ഡിഎംഒ ടി.പി. ശ്രീദേവി അറിയിച്ചു. സ്ക്രീനിംഗ് ടെസ്റ്റിലൂടെയാണ് മലേറിയ കണ്ടെത്തുന്നത്.
ആഫ്രിക്കപോലുള്ള രാജ്യങ്ങളിൽ ഇവ കൂടുതലായി ഉള്ളതിനാൽ അവിടങ്ങളിൽ പോയിവരുന്നവരിലും പരിശോധന നടത്തുന്നുണ്ടെന്നും തദ്ദേശീയരായവരിൽ ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അവർ അറിയിച്ചു.