ആളൂര്‍ ജംഗ്ഷന് വികസനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആർ. ബിന്ദു
1575538
Monday, July 14, 2025 1:07 AM IST
ഇരിങ്ങാലക്കുട: ആളൂര്‍ ജംഗ്ഷന് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ആളൂര്‍ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കല്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കുകള്‍ക്ക് ശാശ്വത പരിഹാരമായി റോഡ് വികസന പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തു വകുപ്പ് തയാറാക്കിയ അലൈന്മെന്റ് പ്ലാന്‍ അംഗീകരിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വ്യാപാരികള്‍ എന്നിവരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2024-25 സംസ്ഥാന ബജറ്റില്‍ 20 കോടി രൂപയാണ് ആളൂര്‍ ജംഗ്ഷന് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ 1.20 ലക്ഷം രൂപ പിഡബ്ല്യുഡിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അലൈന്മെന്റ് പ്ലാനും ഇന്‍വെസ്റ്റിഗേഷനും പൂര്‍ത്തിയായി. നാലു ദിശകളിലേക്കും 100 മീറ്റര്‍ വീതി കൂട്ടിയാണ് അലൈന്‍മെന്റ്് പ്ലാന്‍ ഒരുക്കിയിരിക്കുന്നത്.
കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ 20 മീറ്ററും ചാലക്കുടി-വെള്ളാങ്കല്ലൂര്‍ ജില്ലാതല റോഡില്‍ 15 മീറ്ററുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ള വീതി. പദ്ധതിയുടെ ഭാഗമായി ഏകദേശം ഒരു ഏക്കര്‍ എട്ട് സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ടാകും. റോഡിനൊപ്പം ബസ്വേയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിനായി മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി പ്രദേശവാസികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അലൈന്‍മെന്റ്് പ്ലാന്‍ അസി. എക്സി. എന്‍ജിനീയര്‍ നവീന്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോ, വൈസ് പ്രസിഡനന്റ്് രതി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍ മിനി പോളി, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീര്‍, എക്സി. എന്‍ജിനീയര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.