പരാതിപ്പെടുന്നവരുടെ പേരില്‍ കള്ളക്കേസെടുക്കുന്നുവെന്ന്
1575533
Monday, July 14, 2025 1:07 AM IST
പുതുക്കാട്: ചെങ്ങാലൂര്‍ മാട്ടുമലയിലെ സ്വകാര്യ ക്രഷറിനെതിരേ പരാതിപ്പെടുന്നവരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു.
ക്രഷര്‍ നിബന്ധനകള്ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനെതിരേ 2019 മുതല്‍ ശാസ്ത്രസാഹിത്യപരിഷത്ത് സമരത്തിലാണ്. ക്രഷര്‍ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ചു പരിഷത്ത് പ്രവര്‍ത്തകരുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തതെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പുതുക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിഷത്ത് കൊടകര മേഖല പരിസരം വിഷയസമിതി കണ്‍വീനറായ പി.എന്‍. ഷിനോഷിനെതിരേ രണ്ടുതവണ കേസെടുത്തു. എന്നാല്‍ ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ട നാലുപേര്‍ ഷിനോഷിനെ ആക്രമിച്ചിട്ടും അതിനെതിരേ കേസെടുത്തില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്നത്തെ പുതുക്കാട് എസ്എച്ച്ഒ കൈക്കൂലി വാങ്ങിയ കേസില്‍ സസ്പെന്‍ഷനിലായിരുന്നുവെന്നും പരിഷത്ത് ആരോപിച്ചു. ഷിനോഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും പുതുക്കാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കി വീണ്ടും അന്വേഷിക്കാന്‍ ജില്ല ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നു.
നാട്ടുകാര്‍ക്കുമുന്നില്‍ നടന്ന സംഭവങ്ങളില്‍ ഒരു സാക്ഷിയുടെപോലും മൊഴിയെടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും പരിഷത്ത് ആരോപിച്ചു. പരിഷത്ത് കൊടകര മേഖല കമ്മിറ്റി സെക്രട്ടറി എ.ടി. ജോസ്, കെ.കെ. അനീഷ്കുമാർ, എം. മോഹൻദാസ്, കെ.ജി. ലിപിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.