ഭീഷണിപ്പെടുത്തിയല്ല, പക്വതയോടെ വേണം പണിമുടക്ക് നടത്താൻ: മന്ത്രി ശശീന്ദ്രൻ
1575408
Sunday, July 13, 2025 8:24 AM IST
അയ്യന്തോൾ: ഭീഷണിപ്പെടുത്തലിലൂടെയല്ല, പക്വതയോടെ വേണം ദേശീയപണിമുടക്ക് നടത്താനെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ എൻസിപി - എസ് ജില്ലാ ദ്വിദിന രാഷ്ട്രീയശില്പശാല ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷജനാധിപത്യമുന്നണിയെ തള്ളിപ്പറയാതെ ഒപ്പംനിന്ന ഏകഘടകകക്ഷിയായ എൻസിപി - എസിനെ വെല്ലുവിളിക്കാൻ ഒരു ഘടകകക്ഷിക്കും കഴിയില്ല. ഘടകകക്ഷികളിൽ മുതലെടുപ്പിനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമം. ആദ്യംമുതൽ എൽഡിഎഫിനെ തള്ളിപ്പറയാത്ത പാർട്ടിയാണ് എൻസിപി - എസ്.
മന്ത്രിയെ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ട്, മുന്നണിക്ക് അധികാരമുണ്ട്. എന്നാൽ അതു മുതലെടുക്കുവാൻ ചിലർ ശ്രമിച്ചാൽ വിലപ്പോകില്ല. വിശുദ്ധിയുടെ ശുഭ്രവസ്ത്രം ധരിച്ചുകൊണ്ട് പൊതുപ്രവർത്തനം നടത്തുന്ന പാർട്ടിയാണ് എൻസിപി - എസ്. ആ പാർട്ടിയെ വെല്ലുവിളിക്കാൻ ഒരു ഘടകകക്ഷിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യകാല പാർട്ടിപ്രവർത്തകരായ കെ.പി. ഹൃഷികേശൻ നന്പൂതിരി, എൻ. ചന്ദ്രമോഹൻ, കെ.എൽ. ജെയിംസ്, സുമം കെ. ചെറിയാൻ എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സി.എൽ. ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ പി.കെ. രാജൻ, പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, അഡ്വ. രഘു കെ. മാരാത്ത്, അഡ്വ. എം.പി. സൂര്യനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.