തുമ്പൂര്‍ എസ്എച്ച്സി എല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു
1575539
Monday, July 14, 2025 1:07 AM IST
തുമ്പൂര്‍: എസ്എച്ച്സി എല്‍പി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്കൂള്‍ സ്ഥാപക വിശുദ്ധ മറിയംത്രേസ്യയുടെ കബറടത്തില്‍ നിന്നും ദീപശിഖ പ്രയാണം നടന്നു. ശതാബ്ദിക്ക് ആരംഭം കുറിച്ച് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഡോ. ഇസബല്‍ കൊടിയുയര്‍ത്തി. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ ഹോളി ഫാമിലി സന്യാസസഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും ലോകത്തിലെ പ്രമുഖ കാര്‍ഡിയോ സര്‍ജനുമായ ഡോ. ബിനോയ് ചാട്ടുപറമ്പില് മുഖ്യാതിഥി ആയിരുന്നു. പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ട്രീസാ ജോസഫ് ലോഗോ പ്രകാശനവും തുമ്പൂര്‍ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.
മാള എഇഒ കെ.കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വപ്ന സെബാസ്റ്റ്യന്‍, രഞ്ജിത ഉണ്ണികൃഷ്ണന്, ഒഎസ്എ പ്രസിഡന്റ് ആര്.കെ. ജയരാജന്, പിടിഎ പ്രസിഡന്റ്് അല്‍ജോ ജോസ്, എംപിടി പ്രസിഡന്റ്് കൃഷ്ണപ്രിയ, സ്കൂള്‍ ലീഡര്‍ കുമാരി കെ.ആര്. കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്ലറ്റ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷാറ്റൊ കുരിയന്‍ നന്ദിയും പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികളുടെ വിശദവിവരങ്ങള്‍ മുകുന്ദന് ചെറാട്ട് അവതരിപ്പിച്ചു.
ശതാബ്ദി ആഘോഷങ്ങലുടെ ഭാഗമായി ഡയാലിസിസ് ആവശ്യമുള്ള 100 വ്യക്തികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തും. കാന്‍സര്‍ പോലെയുള്ള മഹാരോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സിക്കാന്‍ ഉതകുന്ന രീതിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. അത്താണിയില്‍ സ്ഥാപിച്ചിട്ടുള്ള അപകടാവസ്ഥയിലായ ബസ്സ്റ്റോപ്പ് പുനര്‍നിര്‍മിക്കും. ശതാബ്ദി സ്മാരകമായി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായി ഊട്ടുപുര നിര്‍മിക്കും.