വാഹന ഷോറൂമിൽ ആക്രമണം: പ്രതികൾ അറസ്റ്റിൽ
1575536
Monday, July 14, 2025 1:07 AM IST
തൃപ്രയാർ: നാട്ടിക വടക്കേ പെട്രോൾപമ്പിന് സമീപത്തെ പ്രിൻസ് മോട്ടോഴ്സിൽ അതിക്രമിച്ചുകയറി ഉടമയെയും മകനെയും ജീവനക്കാരനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. വാടാനപ്പിള്ളി ബീച്ച് സ്വദേശികളായ പണ്ടാറത്തിൽ വീട്ടിൽ സാലിഹ്(43), പണ്ടാറത്തിൽ വീട്ടിൽ ആദിൽ(21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
നാട്ടിക ലെമെർ സ്കൂളിന് സമീപം കാളക്കൊടുവത്ത് വീട്ടിൽ മധുസൂദനൻ(55), മകൻ അദേൽ കൃഷ്ണ(21), സാഥാപനത്തിലെ ജീവനക്കാരൻ എന്നിവരെ പ്രതികൾ കൈകൊണ്ടും സ്ക്രൂഡ്രൈവർകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചു. മധുസൂദനനെ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗ്ലാസ് തകര്‍ന്നു. പ്രതികളായ സ്വാലിഹും ആദിലും കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവീസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാരൻ തിരക്കായതിനാൽ ഇപ്പോൾ ചെയ്യാൻപറ്റില്ലെന്നു പറഞ്ഞപ്പോൾ ഇവർ സ്പാനർ ആവശ്യപ്പെട്ടു. സ്പാനർ പുറത്തുള്ള ജോലികൾക്ക് കൊടുക്കാറില്ലെന്ന് ഉടമ മധുസൂദനൻ പറഞ്ഞതിനെ തുടർന്നാണ് പ്രതികൾ ആക്രമണംനടത്തിയത്. സാലിഹ് നാല് ക്രിമിനൽകേസിലെ പ്രതിയാണ്.
വലപ്പാട് സിഐ എം.കെ. രമേഷ്, എസ്ഐമാരായ വിജു, ഉണ്ണി, എഎസ്ഐമാരായ സുനിൽകുമാർ, സജയൻ, സിപിഒമാരായ അലി, ജെസ്ലിൻ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.