മത്സ്യബന്ധന വലകള്‍ കാണാതായി; അറുപതോളം കുടുംബങ്ങൾ പട്ടിണിയില്‍
1575532
Monday, July 14, 2025 1:07 AM IST
വടക്കാഞ്ചേരി: വാഴാനി ഡാമിലെ മത്സ്യബന്ധനത്തിനുള്ള വല കാണാതായതോടെ ഹരിജൻ ഗിരിജൻ ഫിഷറീസ് സഹകരണസംഘത്തിലെ അറുപതോളം കുടുംബങ്ങൾ പട്ടിണിയിലായി.
മത്സ്യബന്ധനവലകൾ കൂട്ടത്തോടെ മോഷണംപോയിട്ട് ഒരുമാസം പിന്നിട്ടെങ്കിലും പോലീസിന്റെ നടപടികൾക്ക് വേഗം പോരെന്നാണ് ആക്ഷേപം. പുതുതായി വാങ്ങിയ 30,000 രൂപയുടെ വലകളാണ് നഷ്ടപെട്ടത്. വിഷംകലരാത്ത നാടൻമത്സ്യങ്ങൾ കുറഞ്ഞവിലയ്ക്ക് ലഭിക്കുമെന്നതിനാൽ പ്രദേശവാസികൾക്കും പ്രയോജന കരമായിരുന്നു സംഘത്തിന്റെ പ്രവർത്തനം. മഴക്കാലം എത്തിയതോടെ ധാരാളം മീൻ ലഭിക്കുന്ന സമയമാണ്. പ്രതികളെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പടെ വടക്കാഞ്ചേരി പോലീസിൽ സംഘം പ്രസിഡന്റ് രാമൻകുട്ടി പരാതിനൽകിയിട്ടും മോഷ്ടാക്കൾ കാണാമറയത്താണ്.
പുതിയ വല വാങ്ങാൻ സംഘത്തിൽ പണമില്ലാത്തതിനാൽ മത്സ്യബന്ധനം പൂർണമായും നിലച്ചു. സ്ഥിരമായി ജോലിക്കെത്തുന്ന കുടുംബങ്ങൾ പട്ടിണിയിലാണ്. ഭൂരിഭാഗംപേരും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരാണെന്നതിനാൽ മറ്റ് ജോലികൾക്കുപോകാൻ ക ഴിയില്ല. പോലീസ് മോഷ്ടാക്കളെ കണ്ടെത്തി വല തിരിച്ചുലഭിക്കാനുള്ള വഴിയൊരുക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
വാഴാനി ഡാമിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും വളർച്ചയെത്തുമ്പോൾ പിടികൂടി വിൽക്കാനുമുള്ള അവകാശം സഹകരണസംഘത്തിലെ അംഗങ്ങൾക്ക് മാത്രമാണുള്ളത്. പുറമെനിന്നുള്ളവർക്ക് മത്സ്യബന്ധനത്തിന് കർശന വിലക്കുണ്ട്. എന്നാൽ അടുത്തിടെ വാഴാനി ഡാമിൽനിന്നു വിലക്കുലംഘിച്ച് യുവാക്കൾ മത്സ്യബന്ധനംനടത്തിയത് തർക്കത്തിന് വഴിവച്ചിരുന്നു.
ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരുംചിറയിലാണ് ഫിഷറീസ് സഹകരണസംഘം മെമ്പർമാർ ഇവരെ കണ്ടെത്തിയത്. അനധികൃത മത്സ്യബന്ധനംപാടില്ലെന്ന് അറിയിച്ചെങ്കിലും യുവാക്കൾ എതിര്ക്കുകയായിന്നു. അന്ന് യുവാക്കൾ, സംഘം അംഗങ്ങളെ വെല്ലുവിളിച്ചാണ് മടങ്ങിയതെന്നു പറയുന്നു. ഈ സംഭവത്തിനു പിന്നാലെയാണ് വലകൾ കാണാതായത്.