ആരോഗ്യമേഖലയെ തകർത്ത മന്ത്രി രാജിവയ്ക്കണം
1575851
Tuesday, July 15, 2025 2:03 AM IST
തൃശൂർ: ആരോഗ്യമേഖലയെ പാടേ തകർത്ത മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നു കേരള കോണ്ഗ്രസ് - ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച ബിന്ദുവിന്റെ വീട്ടുകാർക്കു സർക്കാർ നൽകിയ സഹായധനം അപര്യാപ്തമാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് അവിടെ സംഭവിച്ചത്. എൽഡിഎഫ് സർക്കാർ ആരോഗ്യമേഖലയോടു കാണിക്കുന്ന കെടുകാര്യസ്ഥതയ്ക്കെതിരേ കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഎംഒ ഓഫീസിനുമുൻപിൽ നടന്ന പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, സി.എം. ബാലസുന്ദരൻ, കെ.ആർ. സുനിൽകുമാർ, സി.ഒ. എൽദോസ് എന്നിവർ പ്രസംഗിച്ചു.