സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതിൽ ആശാ പ്രവർത്തകർക്ക് നിർണായക പങ്ക്: മന്ത്രി കൃഷ്ണൻകുട്ടി
1264987
Sunday, February 5, 2023 12:23 AM IST
പാലക്കാട് : ആരോഗ്യ ചികിത്സ മേഖലയിൽ സാധാരണക്കാരെ ബോധവത്ക്കരിക്കുന്നതിൽ ആശാ പ്രവർത്തകർക്ക് നിർണായക പങ്കുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശാപ്രവർത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആശ ഫെസ്റ്റ്2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ മേഖലകളിലുള്ള ജനങ്ങൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നില്ല. സമയാസമയങ്ങളിൽ ആവശ്യമായ പരിശോധനകൾ നടത്താത്ത സാഹചര്യങ്ങൾ ഇല്ലാതാകാൻ ഗ്രാമീണ പിന്നാക്ക ആദിവാസി മേഖലകളിൽ ആശാപ്രവർത്തകർക്ക് കാര്യമായ ഇടപെടലുകൾ നടത്താനാവും. കോവിഡ് കാലത്ത് ആശാപ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഷാഫി പറന്പിൽ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി.
മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര, നഗരസഭാ ചെയർപേഴ്സണ്‍ പ്രിയ അജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത, വാർഡ് കൗണ്‍സിലർ മിനി, സിനിമാതാരം ഷാജു ശ്രീധർ, ഫോക് ലോർ അക്കാദമി ജേതാവ് പ്രണവം ശശി, മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഗിസല്ല ജോർജ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി. റോഷ് എന്നിവർ പങ്കെടുത്തു.