പൂഞ്ഞാർ സംഭവത്തിൽ പ്രതിഷേധം വ്യാപകം
1395618
Monday, February 26, 2024 1:20 AM IST
പാലക്കാട് : പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം ഉപയോഗിച്ച് ബോധപൂർവമായി അപകടപ്പെടുത്തുവാനുള്ള ശ്രമത്തിനെതിരേ എത്രയും പെട്ടെന്ന് മാതൃകാപരമായ നടപടികൾ എടുക്കണമെന്നും വിശ്വാസത്തിനു എതിരേ യുള്ള കൈയേറ്റം അവസാനിപ്പിക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.
നോന്പിലെ വെള്ളിയാഴ്ചദിവസത്തെ കർമങ്ങൾ നടക്കുന്ന സമയത്ത് പള്ളി കോന്പൗണ്ടിൽ അതിക്രമിച്ചുകടന്നു കലാപമുണ്ടാക്കിയ സാമൂഹ്യവിരുദ്ധശക്തികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം. കലാപകാരികളെ ഒറ്റപ്പെടുത്തുകയും ഇത്തരം ആസൂത്രിത അക്രമങ്ങളെ മുളയിലേ നുള്ളുകയും വേണം. ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കുകയും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള സത്വര നടപടികൾ സർക്കാർ സ്വീകരിക്കുകയും വേണം.
സ്വന്തം പള്ളിയുടെ ചുറ്റുപാടുകളും അതിലെ ആരാധന അന്തരീക്ഷവും സംരക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം വൈദികർക്കു പോലും ലഭ്യമാകാത്ത സാഹചര്യത്തിലേക്കു പോകുന്ന പ്രവണത അവസാനിപ്പിക്കണം.
മതസൗഹാർദം തകർക്കുവാനുള്ള അക്രമകാരികളുടെ ഹീനകൃത്യങ്ങൾക്കെതിരേ എല്ലാ രാഷ്ട്രീയകക്ഷികളും മതസാംസ്കാരിക നേതാക്കളും പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി.
രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
രൂപത ഭാരവാഹികളായ ജോസ് മുക്കട, അഡ്വ. റെജിമോൻ ജോസഫ്, ഷേർളി റാവു, സുജ തോമസ്, അഡ്വ. ബോബി ബാറ്റിൻ, ജോസ് വടക്കേക്കര, ബെന്നി ചിറ്റേട്ട്, സേവ്യർ കലങ്ങോട്ടിൽ, സണ്ണി ഏറനാട്ട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ച് തത്തമംഗലം ഫൊറോന കത്തോലിക്ക കോണ്ഗ്രസ്
തത്തമംഗലം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ആരാധന നടക്കുന്ന സമയത്ത് പള്ളി മുറ്റത്തേക്ക് അതിക്രമിച്ചു കയറി വൈദികനെ ബൈക്ക് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ഹീനകൃത്യം മതമൈത്രി തകർക്കാനുള്ള ഗൂഢശ്രമമാണെന്നു കത്തോലിക്ക കോണ്ഗ്രസ് തത്തമംഗലം സെന്റ് മേരീസ് ഫൊറോന യൂണിറ്റ്. ഇത്തരം സംഭവങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം, മനപ്പൂർവമായ നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റുചെയ്യണമെന്നു കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ഫൊറോന വികാരി ഫാ. ബെറ്റ്സണ് തുക്കുപറന്പിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. രൂപത സെക്രട്ടറി ജോസ് വടക്കേക്കര, ഫൊറോന പ്രസിഡന്റ് ബിനോയ് കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.