മുതലമടയിൽ അനധികൃത ക്വാറികളിൽനിന്നും 20 ടിപ്പർലോറികൾ പിടിച്ചെടുത്തു
1458049
Tuesday, October 1, 2024 7:02 AM IST
മുതലമട: അനധികൃതമായി പ്രവർത്തിച്ചിരുന്ന മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലെ രണ്ടു ക്വാറികളിൽനിന്നും 20 ടിപ്പർ വാഹനങ്ങൾ കൊല്ലങ്കോട് പോലീസ് പിടിച്ചെടുത്തു.
മുച്ചൻകുണ്ടിൽനിന്ന് നാലും ഇടുക്കപ്പാറയിൽനിന്നും 16 ടിപ്പറുകളുമാണ് പിടികൂടിയത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. വില്ലേജ്, പഞ്ചായത്ത് അധികൃതർ പ്രവർത്തനാനുമതി നിഷധിച്ച ക്വാറികളിൽനിന്നുമാണ് കരിങ്കൽ കയറ്റിയതും കയറ്റാൻ നിർത്തിയിട്ടതുമായ വാഹനങ്ങൾ പോലിസ് കസ്റ്റഡിയിലെടുത്തത്.
ജില്ലാകളക്ടർ ക്കു വിഷയം റിപ്പോർട്ട് ചെയ്ത ശേഷം പിടിച്ചിട്ട വാഹനങ്ങൾ ജിയോളജി വകുപ്പിനു കൈമാറി. ഇൻസ് പെകടർ സി.കെ. രാജേഷ്, എസ്ഐ സുജിത്ത്, സിപിഒമാരായ രാജേഷ്, രതീഷ്, നസീർ, ഹസൻ മുഹമ്മദ്, പ്രശാന്ത്, ഉമ്മർഹക്കീം എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
മുതലമടയിൽ ക്വാറികളുടെ പ്രവർത്തനംമൂലം പരിസര മലിനീകരണം , ഗുരുതരമായ ആരോഗ്യ പ്രശ്നം, സമീപവീടുകൾക്കു നാശംവരുന്നതായി നാട്ടുകാരുടെ പരാതി നിലവിലുണ്ട്. ബന്ധപ്പെട്ട മുതമലമട പഞ്ചായത്ത് അധികൃതർ ക്വാറികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ സമരങ്ങളും നടത്തിയിരുന്നു.