അമേരിക്കയിൽ നിർമിക്കുന്ന സാധനങ്ങൾക്കും താരിഫുകൾ ചുമത്തുവാൻ ട്രംപ് ആലോചിക്കുന്നതായി സൂചന
ഏബ്രഹാം തോമസ്
Wednesday, August 13, 2025 4:09 PM IST
വാഷിംഗ്ടൺ ഡിസി: വിദേശ നിർമിത സാധനങ്ങൾക്ക് മേൽ താരിഫുകൾ പ്രാബല്യത്തിൽ വരുത്തിയതിനു ശേഷം യുഎസിൽ നിർമിക്കുന്ന സാധനങ്ങൾക്കും താരിഫുകൾ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.
അമേരിക്കൻ കമ്പനികൾക്ക് താങ്ങാകുവാൻ വേണ്ടിയാണ് വിദേശ നിർമിത സാധനങ്ങൾ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നതിന് താരിഫുകൾ ചുമത്തുന്നത് എന്ന് ട്രംപ് പറഞ്ഞിരുന്നു. പക്ഷെ അമേരിക്കൻ സാധനങ്ങളുടെ മേലും താരിഫുകൾ വരുമെന്ന് ആരും കരുതിയിരുന്നില്ല.
ട്രംപ് എന്ത് ചെയ്താലും പാർട്ടിയിൽ നിന്ന് വലിയ എതിർപ്പ് ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ അമേരിക്കയിൽ നിർമിക്കുന്ന സാധനങ്ങൾ ഉപഭോക്താവിൽ എത്തുമ്പോൾ താരിഫുകൾ ചുമത്താൻ ട്രംപ് തീരുമാനിച്ചാൽ അത് നടപ്പിലാക്കാനാണ് സാധ്യത.
ഇത് സ്റ്റേറ്റ് കാപിറ്റലിസം ആണെന്ന് ട്രംപിനെ എതിർക്കുന്നവർ പറയുന്നു. സ്വകാര്യ വ്യവസായങ്ങളെ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ കൊണ്ട് വരിക എന്ന നയം കാപിറ്റലിസ്റ്റുകൾ ഏറ്റവും കൂടുതൽ എതിർക്കുന്ന സംവിധാനമാണ്.
ട്രംപിന് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. നിവിഡിയും എഎംഡിയും ചൈനയ്ക്ക് ചിപ്പുകൾ വിൽക്കുവാൻ ട്രംപ് ഭരണകൂടം പ്രേരിപ്പിക്കുകയാണ്. പക്ഷെ ഇതിനു അവർ 15 ശതമാനം നികുതി നൽകിയിരിക്കണം. ഇതാണ് "ട്രംപ് 2.0' എന്ന് വിമർശകർ പറയുന്നു.
ഇങ്ങനെ ഭരണതല നിയന്ത്രണം മെല്ലെ സ്വകാര്യ കമ്പനികളിലേക്ക് വ്യാപിപ്പിക്കുവാൻ പ്രസിഡന്റ് ശ്രമിക്കുകയാണ് എന്ന് ആരോപണമുണ്ട്. പ്രൈവറ്റ് കമ്പനികൾക്ക് ഇടപാടുകൾ നടത്താൻ സർക്കാരിന്റെ അനുവാദം എല്ലാ കാര്യങ്ങളിലും വേണം എന്ന അവസ്ഥയിലേക്ക് അമേരിക്ക മാറുകയാണോ എന്ന് പലരും ചോദിക്കുന്നു.
ട്രംപ് സ്വയം ഇടപെട്ടു മുൻ പാരമൗണ്ട് ഉടമ ശാരി റെഡ്സ്റ്റോൺ 16 മില്യൺ ഡോളർ നഷ്ട പരിഹാരം നൽകി ഒരു ലോ സൂട് തീർപ്പാക്കാൻ നിർബന്ധിച്ചു എന്നൊരു ആരോപണം ഉണ്ട്.
ട്രംപ് നിയമിച്ച ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ തലവൻ ബ്രണ്ടൻ കാർ പാരമൗണ്ടിന്റെ വാഗ്ദാന പത്രം എഴുതി വാങ്ങി എന്നും ഇങ്ങനെ ദേശീയ മാധ്യമങ്ങൾ നിക്ഷിപ്ത താത്പര്യങ്ങളോടെ വർത്തകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും എന്നും ആരോപണം തുടരുന്നു.
ട്രംപ് ചില പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്നും ലോ സ്ഥാപനങ്ങളിൽ നിന്നും വാഗ്ദാനങ്ങൾ എഴുതി വാങ്ങിയിട്ടുണ്ട് എന്നും ആരോപണം തുടർന്ന് പറയുന്നു. ട്രംപ് ഭരണകൂടം കൂടുതലായി വൻ ബിസിനസ് സ്ഥാപനങ്ങളെ ഉപയോഗിക്കുവാൻ ശ്രമിക്കുന്നതായി വിമർശകർ പറയുന്നു.
വാഷിംഗ്ടൺ ഡിസി പോലെയുള്ള നഗരങ്ങളുടെ ഭരണം ഫെഡറൽ സർക്കാർ ഏറ്റെടുക്കും എന്ന് പറഞ്ഞതിന്റെ പിന്നാലെ ട്രംപ് ഭരണകൂടം വാഷിംഗ്ടൺ ഡിസിയുടെ ഭരണം ഏറ്റെടുത്തായി പ്രഖ്യാപനം വന്നു.
എന്നാൽ ഭരണം ഏറ്റെടുത്തതിന്റെ ശേഷം എന്താണ് ചെയ്യേണ്ടതെന്ന് അധികാരികൾക്ക് വലിയ രൂപം ഇല്ലാത്ത അവസ്ഥയിലായിരുന്നു ആദ്യ ദിനം. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ തിളക്കമുള്ള ഒരു നഗരമായി തലസ്ഥാന നഗരം മാറ്റുകയാണ് ഉദ്ദേശമെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ വാർത്താസമ്മേളനത്തിനു മുൻപ് കാര്യമായ തയാറെടുപ്പുകൾ നടത്തിയിരുന്നില്ല എന്ന് വിമർശനം ഉണ്ടായി. മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്മെന്റിനെ പോലും ആര് നയിക്കും എന്ന് ചിന്താകുഴപ്പം ഉണ്ടായി.
ഒരു പത്രസമ്മേളനത്തിൽ വാഷിംഗ്ടൺ സിറ്റി മേയർ മ്യൂറിയേൽ ബൗസർ പറഞ്ഞത് അവർ അറ്റോർണി ജനറൽ പാം ബോണ്ടിയുമായി ഒരു യോഗം ആവശ്യപെട്ടിട്ടുണ്ടെന്നാണ്. ബോണ്ടിയായിരിക്കും ഡിസിയുടെ ഭരണ കൈമാറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്ന് ട്രംപ് പറഞ്ഞിരുന്നു.
പോലീസ് ഡിപ്പാർട്മെന്റ് തുടർന്നും ചീഫ് ഓഫ് പോലീസ് പമേല സ്മിത്തിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക എന്നും അവർ പറഞ്ഞു.