ഷിക്കാഗോയിൽ എട്ട് പ്രദേശങ്ങളിൽ എടിഎം കവർച്ച: മുന്നറിയിപ്പുമായി പോലീസ്
പി.പി. ചെറിയാൻ
Thursday, August 14, 2025 6:07 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുകൾ ലക്ഷ്യമിട്ട് മോഷണങ്ങൾ വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ്. ഓഗ്ഡൻ, ഹാരിസൺ, നിയർ വെസ്റ്റ്, ഷേക്സ്പിയർ, ഓസ്റ്റിൻ, ജെഫേഴ്സൺ പാർക്ക്, നിയർ നോർത്ത്, ഗ്രാൻഡ് സെൻട്രൽ എന്നീ പ്രദേശങ്ങളിലാണ് മോഷണം നടന്നത്.
രണ്ട് മുതൽ അഞ്ച് വരെ വരുന്ന കറുത്ത വർഗക്കാരായ പുരുഷന്മാരുടെ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഇവർ മോഷ്ടിച്ചതോ വാടകയ്ക്കെടുത്തതോ ആയ എസ്യുവികൾ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നത്.
സ്ഥാപനങ്ങളുടെ വാതിലുകൾ പൊളിച്ചു അകത്ത് കടന്നശേഷം എടിഎം മെഷീനുകൾ വാഹനത്തിൽ കയറ്റി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. കറുത്ത മാസ്കും കറുത്ത വസ്ത്രങ്ങളും ഗ്ലൗസും ധരിച്ചാണ് സംഘം എത്തുന്നത്.
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് മോഷണങ്ങൾ കൂടുതലായി നടന്നത്. 3900 ബ്ലോക്ക് ഓഫ് ഡബ്ല്യു ഓഗ്ഡൻ സെന്റ്, 5600 ബ്ലോക്ക് ഓഫ് ഡബ്ല്യു റൂസ്വെൽറ്റ് സെന്റ്, 5100 ബ്ലോക്ക് ഓഫ് ഡബ്ല്യു ഗ്രാൻഡ് സെന്റ്, 1600 ബ്ലോക്ക് ഓഫ് ഡബ്ല്യു നോർത്ത് അവന്യൂ, 800 ബ്ലോക്ക് ഓഫ് എൻ ഓർലിയൻസ് സെന്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മോഷണം നടന്നത്.