ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ’ ദേശീയ അസംബ്ലിയിൽ ഫാ. ഡോ. ജോസഫ് വർഗീസിനെ ആദരിച്ചു
ജോർജ് തുമ്പയിൽ
Thursday, August 14, 2025 6:44 AM IST
മെംഫിസ്: നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് അമേരിക്കയുടെ പ്രതിനിധി ഫാ. ഡോ. ജോസഫ് വർഗീസിനെയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പില്ലേയെയും ജൂലൈ 12 മുതൽ 16 വരെ ടെനിസിയിലെ മെംഫിസ് കൺവൻഷൻ സെന്ററിൽ നടന്ന ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ദേശീയ അസംബ്ലി ആദരിച്ചു.
എഫെസ്യൻസ് 3:2021 വചനങ്ങളിൽ നിന്നുള്ള സന്ദേശം ഉൾക്കൊണ്ട് ’ബിയോണ്ട്’ (BEYOND) എന്നത് ആയിരുന്നു, ഇത്തവണത്തെ അസംബ്ലിയുടെ പ്രമേയം. ലോക ക്രമത്തിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരാമെന്നും, ആധുനിക കാലത്ത് സഭയെ എങ്ങനെ കൂടുതൽ സജ്ജമാക്കാമെന്നും സമ്മേളനം ചർച്ച ചെയ്തു.

സമ്മേളനത്തിൽ ആരാധന, വർക്ക്ഷോപ്പുകൾ, സംവാദങ്ങൾ, ആത്മീയ നിരൂപണങ്ങൾ, പ്രാർഘന എന്നിവയ്ക്കൊപ്പം പുതിയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പും നടന്നു. ജൂലൈ 14ന് അസംബ്ലിയുടെ രണ്ടാം ദിവസം വൈകിട്ട് പ്രത്യേക പ്രാർഥന ശുശ്രൂഷ ഒരുക്കിയിരുന്നു.
ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് സഭയുടെ എക്യൂമെനിക്കൽ പങ്കാളികളെ യോഗത്തിൽ ആദരിച്ചു. ഇതിൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് (യുഎസ്എ), ഷോൾഡർ ടു ഷോൾഡർ സർവീസസ്, ചർച്ച് വേൾഡ് സർവീസസ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു.
ഫാ. ഡോ. ജോസഫ് വർഗീസ് അമേരിക്കയിലും ലോകമെമ്പാടുമുള്ള മതാന്തര സംഭാഷണങ്ങൾക്ക് നൽകിയ സംഭാവനകളുടെ പേരിൽ അസംബ്ലിയിൽ ആദരിക്കപ്പെട്ടു. സമ്മേളനത്തിന് പിന്നാലെ എക്യൂമെനിക്കൽ, അന്തർദേശീയ പ്രതിനിധികൾക്കായി പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു.
ജൂലൈ 13ന്, ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് അന്തർദേശീയ എക്യൂമെനിക്കൽ, ഇന്റർ ചർച്ച് നേതാക്കളെ ആദരിച്ച് വിരുന്നൊരുക്കി. റവ. ഡോ. ജെറി പില്ലേ മുഖ്യ പ്രഭാഷകനായിരുന്നു.
ക്രിസ്ത്യൻ യൂണിറ്റി ആൻഡ് ഇന്റർഫെയ്ത് മിനിസ്ട്രി ഓഫ് ദ ഡിസൈപ്പിൾസ് ഓഫ് ക്രൈസ്റ്റ് ഈ വർഷം പുതിയ ’പോളാർ സ്റ്റാർ കോൺഗ്രിഗേഷൻ’ പദ്ധതി ആരംഭിച്ചു. ഈ പ്രഖ്യാപനവും നിരവധി എക്യൂമെനിക്കൽ, മതാന്തര നേതാക്കളുടെ സാന്നിധ്യത്തിൽ വച്ച് നടത്തപ്പെട്ടു.അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ഡോ. ജോസഫ് വർഗീസ്.
മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോകൺവീനറുമാണ് ഫാ. ഡോ. ജോസഫ് വർഗീസ്
ന്യൂയോർക്കിലെ യുഎൻ പ്ലാസ ആസ്ഥാനമായ സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഫാ. ഡോ. ജോസഫ് വർഗീസ് എക്സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു. മതങ്ങളുടെയും സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യുഎൻ പ്ലാസയിൽ നടന്ന കോൺഫറൻസിൽ ഫാ. ജോസഫ് പ്രത്യേക ക്ഷണിതാവായിരുന്നു.
2018 ജൂൺ 25 ന് സ്വിറ്റ്സർലണ്ടിലെ ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ ന്ധമതങ്ങള്, വിശ്വാസങ്ങള്‍, മൂല്യവ്യവസ്ഥ: തുല്യപൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കൈകോര്‍ത്ത് നീങ്ങുക’’ എന്ന വിഷയത്തിൽ നടന്ന ആദ്യ ആഗോള കോണ്‍ഫറൻസിൽ അമേരിക്കയിലെ മതങ്ങളെ പ്രതിനിധീകരിച്ച് സിറിയൻ ഓര്‍ത്തഡോക്സ് സഭയിൽ നിന്ന് ഫാ. ഡോ. ജോസഫ് വർഗീസും പങ്കെടുത്തു.
2017 നവംബർ 2 ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് സമാധാനവും അനുരഞ്ജനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു. 2022 മേയ് 24, 25 തീയതികളിൽ സമാധാന ദൂതുമായി യുക്രെയ്നിലെ കീവ് സന്ദർശിച്ച രാജ്യാന്തര മതനേതാക്കളിൽ ഫാ. ജോസഫ് വർഗീസും ഉൾപ്പെടുന്നു.