ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ: എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആശങ്ക രേഖപ്പെടുത്തി
ജീമോൻ റാന്നി
Tuesday, August 12, 2025 5:29 PM IST
ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണെന്ന് എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്.
എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അകാരണമായി ആക്രമിക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി ഒമ്പത് ദിവസം ജയിലിൽ അടച്ചു.
ഇത്തരം സംഭവങ്ങളിൽ ഐസിഇസിഎച്ച് ഭാരവാഹികൾ എല്ലാവരും പ്രത്യേക സമ്മേളനത്തിൽ ആശങ്ക പങ്കുവച്ചു. ഭയാശങ്കകൾ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ക്രൈസ്തവരെ അനുവദിക്കണെമെന്നും ഐസിഇസിഎച്ച് പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർഥിച്ചു.
സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

യോഗത്തിൽ ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക്ക് ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. റവ.ഫാ. രാജേഷ് കെ. ജോണിന്റെ പ്രാരംഭ പ്രാർഥനയ്ക്ക് ശേഷം റവ.ഫാ.ഡോ. ബെന്നി ഫിലിപ്പ് സ്വാഗതപ്രസംഗം നടത്തി.
ഫാൻസി മോൾ പള്ളത്തു മഠം വേദഭാഗം വായിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രികട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വത്തിനുള്ള പ്രാധാന്യത്തെ വരച്ചു കാട്ടി.
റവ. ഫാ.ഡോ. വറുഗീസ് വർഗീസ്, റവ.ഡോ. ജോസഫ് ജോൺ, റവ. ദീബു എബി ജോൺ, റവ.ഡോ . ജോബി മാത്യു, റവ.ഫാ. സജീവ് മാത്യു, റവ.ഫാ. എം.ജെ. ഡാനിയേൽ, റവ.ഫാ. ജെക്കു സക്കറിയ, റവ.ഫാ. ജോൺസൻ പുഞ്ചക്കോണം, റവ.ഫാ. ടെജി എബ്രഹാം, സിസ്റ്റർ ശാന്തി, സുജിത് ചാക്കോ (ട്രഷറർ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹുസ്റ്റൻ) തുടങ്ങിവർ ആശംസകൾ നേർന്നു.
ഐസിഇസിഎച്ച് ട്രഷറർ രാജൻ അങ്ങാടിയിൽ യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. റവ. ജീവൻ ജോൺ സമാപന പ്രാർഥന നടത്തി. ഐസിഇസിഎച്ച് പിആർഒ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഡോ. അന്ന ഫിലിപ്പ്, ജിനു തോമസ്, ഹുസ്റ്റണിലെ 20 ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും മറ്റു സാമൂഹ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.