ഡിട്രോയിറ്റ് കേരള ക്ലബ് "കേരളീയം’ വേറിട്ട അനുഭവമായി മാറി
അലൻ ചെന്നിത്തല
Thursday, August 14, 2025 6:55 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്റെ സുവർണ ജൂബിലി ആഘോഷമായ കേരളീയം’ മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് വേറിട്ട അനിഭവമായി മാറി.
മിഷിഗണിലെ രാഷ്ട്രീയസാമൂഹികസാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ഇൻഡ്യാന, ഒഹായോ, കലമാസൂ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ ഒത്തുചേർന്നപ്പോൾ വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഒത്തുചേരലായി കേരളീയം മാറി.
1975ൽ സ്ഥാപിതമായി, അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ഡിട്രോയിറ്റ് കേരള ക്ലബിന്റെ ഈ മെഗാ ഷോയിലൂടെ വർണാഭമായ പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യവും വിശ്വാസാചാര മൂല്യങ്ങളും വിളിച്ചോതുന്ന നിറപ്പകിട്ടാർന്ന കലാപരിപാടികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തകലാ രൂപങ്ങളും അവതരിപ്പിക്കപ്പെട്ടു.
കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയ്ക്കൊപ്പം മോഹിനിയാട്ടം, ഒപ്പന, മാർഗംകളി എന്നിവ അരങ്ങേറി. കേരളത്തിന്റെ ചെണ്ടമേളം, മഹാരാഷ്ട്രയുടെ ഫോക്ക് ഡാൻസ്, തെലങ്കാനയിലെ ബത്തുകമ്മ, ഡോൽചെണ്ട ഫ്യൂഷൻ, ഫ്ലാഷ്മോബ് എന്നിവ കാണികളിൽ ആവേശകരമായ ആനന്ദമാണ് സൃഷ്ടിച്ചത്.
കേരളീയ സംസ്കാരത്തിന്റെയും കലയുടെയും വിശ്വാസാചാരങ്ങളുടെയും നേർക്കാഴ്ച്ചയായിരുന്നു കേരളീയത്തിലൂടെ സൗത്ത് ഫീൽഡ് പവലിയനിൽ ഒരുക്കിയ എക്സിബിഷൻ സെന്ററുകൾ. കേരളത്തിന്റെ പ്രകൃതി ഭംഗി വിളിച്ചോതുന്ന മനോഹരമായ കട്ടൗട്ടുകൾ കൊണ്ട് അലങ്കരിച്ച എക്സിബിഷൻ സെന്ററുകൾ കേരളത്തിൽ നേരിട്ടെത്തിയ ഒരനുഭവം കാണികൾക്ക് സമ്മാനിച്ചു.
പ്രശസ്ത ഗായകർ ഫ്രാങ്കോയും ലക്ഷ്മി നായരും ചേർന്ന ബാക്ക് വാട്ടേഴ്സ് ബീറ്റ്സിന്റെ ഗാനമേള, വർണാഭമായ ഫാഷൻ ഷോ, വെർച്യുൽ റിയാലിറ്റി ഷോ എന്നിവയും കേരളീയത്തിന് മാറ്റ് കൂട്ടി.
കേരളത്തനിമയാർന്ന ഭക്ഷണങ്ങളുടെയും വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകൾ പ്രവർത്തിച്ചു. പവലിയനിൽ ഒരുക്കിയ കേരള ക്ലബ് ചായക്കട ഏവർക്കും കേരളത്തിലെ ചായക്കടയുടെയും അതിലെ നാടൻ വിഭങ്ങളുടെയും ഗൃഹാതുരത്വമാര്‍ന്ന അനുഭവമായി മാറി.
മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് എന്നും ഓർമയിൽ സൂക്ഷിക്കുവാൻ നവ്യാനുഭവം സമ്മാനിച്ച് ഡിട്രോയിറ്റ് കേരള ക്ലബിന്റെ "കേരളീയം’ വൻ വിജയമായി പര്യവസാനിച്ചു.