കെഎച്ച്എൻഎ അധികാരക്കൈമാറ്റം ആഘോഷമാക്കി ഫ്ലോറിഡ ഹിന്ദു സംഘടനകൾ
സുരേന്ദ്രൻ നായർ
Thursday, October 16, 2025 5:56 AM IST
റ്റാംപ: കെഎച്ച്എൻഎയുടെ പതിനാലാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള അധികാരക്കൈമാറ്റം വിവിധ ആഘോഷ പരിപാടികളോടെ റ്റാംപയിൽ നടന്നു.
റമദാ വെസ്റ്റ്ഷോർ ബാൻകറ്റ് ഹാളിൽ ഭാരവാഹികൾ ഭദ്രദീപം തെളിയിച്ച് കാര്യപരിപാടികൾ ആരംഭിച്ചു. ധികാരക്കൈമാറ്റത്തിനു മുൻപ് സെമിനാർ നടന്നു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കോൺക്ലേവിൽ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി.

സ്ഥാനമൊഴിയുന്ന ട്രഷറർ രഘുവരൻ നായർ പ്രസംഗിച്ചു.തുടർന്ന് കൗമാരം പിന്നിട്ടു യുവത്വത്തിലേക്കു കടക്കുന്ന അമേരിക്കൻ മണ്ണിൽ ജനിച്ചു വളരുന്ന യുവതീയുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കേണ്ട കർമ്മപദ്ധതികളെക്കുറിച്ച് സിൽവർജൂബിലി കൺവൻഷൻ ചെയർമാൻ സുനിൽ പൈഗോൾ സംസാരിച്ചു.
കോൺക്ലേവിന്റെ സമാപനം കുറിച്ചുകൊണ്ടു സംസാരിച്ച നിയുക്ത സെക്രട്ടറി സിനു നായർ മൂല്യാധിഷ്ഠിത കുടുംബ സങ്കൽപ്പവും കുഞ്ഞുങ്ങളെ കൂടെക്കൂട്ടിയുള്ള മുന്നേറ്റത്തെ കുറിച്ചും സംസാരിച്ചു.

ഉച്ചക്കുശേഷം ട്രസ്റ്റി ബോർഡിന്റെ നിയന്ത്രണത്തിൽ നടന്ന യോഗം കർണാടക സംഗീത രംഗത്ത് അമേരിക്കയിൽ ശ്രദ്ധേയനായ ഹരി കോയിപ്പള്ളിയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ചു. സുധ കർത്ത സ്വാഗതം ആശംസിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, എക്സിക്യൂട്ടീവ് ചെയർ പേഴ്സൺ ഡോ. രഞ്ജിനി പിള്ള, പ്രസിഡന്റ് ഡോ. നിഷ പിള്ള ട്രസ്റ്റി സെക്രട്ടറി രതീഷ് നായർ, നിയുക്ത ചെയർ പേഴ്സൺ വനജ നായർ എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് ഡോ. നിഷ പിള്ള പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന് സംഘടനയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കോർപറേറ്റ് രേഖകൾ കൈമാറി. സെക്രട്ടറി മധു ചെറിയേടത്ത് സംഘടനാറജിസ്റ്ററുകൾ സിനു നായർക്കും ട്രഷറർ രഘുവരൻ നായർ ഫിനാൻഷ്യൽ രേഖകൾ നിയുക്ത ട്രഷറർ അശോക് മേനോനും കൈമാറി. ട്രസ്റ്റി ബോർഡിന്റെ രേഖകൾ രതീഷ് നായരിൽ നിന്ന് സെക്രട്ടറി ഡോ. സുധിർ പ്രയാഗയും ട്രസ്റ്റി ബോർഡിന്റെ സഞ്ചിതനിധിയുടെ ബാങ്ക് വിവരങ്ങൾ ഗോപിനാഥ കുറുപ്പിൽ നിന്ന് വനജ നായരും സ്വീകരിച്ചു.

അനന്തരം സംസാരിച്ച പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ വിജയിപ്പിച്ച അംഗങ്ങളോടും സ്ഥാനം ഒഴിഞ്ഞ ഭാരവാഹികളോടും നന്ദി പറഞ്ഞു. വൈസ് പ്രഡിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള, തിരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ എന്നിവരെയും പിന്നാലെ പരിചയപ്പെടുത്തി.
നാലുവർഷത്തെ സേവനം പൂർത്തിയാക്കി പടിയിറങ്ങിയ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അനിൽകുമാർ പിള്ള സേവനകാലത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പുതുതായി കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുധ കർത്ത, ഗോപാലൻ നായർ, രാമദാസ് പിള്ള എന്നിവർ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾക്ക് ആശംസയർപ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി നടന്ന പരിപാടികളിൽ ക്ഷണിക്കപ്പെട്ട ഇരുന്നൂറ്റിയമ്പതിലധികം പ്രതിനധികള് പങ്കെടുത്തു.
ചടങ്ങിൽ 50,000ലധികം ഡോളർ സീഡ് മണി സമാഹരിക്കാനായത് പ്രതിനിധികളിൽ കൂടുതൽ ഉത്സാഹം പകർന്നു. സെക്രട്ടറി സിനു നായരുടെ നന്ദി പ്രകടനത്തിനു ശേഷം ആത്മ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.