യുകെയിലെ പ്രവാസികൾക്ക് നോര്‍ക്ക കെയര്‍ ആരോഗ്യ പദ്ധതിയിൽ അംഗമാകാൻ സുവർണാവസരം
Tuesday, October 21, 2025 11:56 AM IST
ലണ്ടൻ: ലോക കേരള സഭ യുകെയുടെ യോഗത്തിൽ പ്രവാസികൾക്കായുള്ള നോര്‍ക്ക കെയര്‍ ഓൺലൈൻ കാമ്പയിൻ ഈ മാസം 25 വൈകുന്നേരം 5.30ന് (യുകെ സമയം) നടത്തുവാൻ ധാരണയായി. ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകം രജിസ്ട്രേഷന് ക്യാമ്പുകൾ വിവിധ രാജ്യങ്ങളിൽ നടത്തുവരികയാണ്.
യുകെയിലുള്ള വിദ്യാർഥികൾക്കും തൊഴിൽചെയ്യന്ന മലയാളികൾക്കും ഏറെ പ്രയോജനപ്രദമായ ഒരു ആരോഗ്യ പദ്ധതികൂടിയാണ് നോർക്ക കെയർ. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി.
നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.
മികച്ച പ്രതികരണമാണ് നോര്‍ക്ക കെയറിന് പ്രവാസികേരളീയരില്‍ നിന്നും ലഭിക്കുന്നത്. പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് എൻറോൾമെന്റ് തീയ്യതി ഒക്ടോബര്‍ 30 വരെ നീട്ടിയത്.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈൻ ക്യാമ്പയിൻ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.