ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരള ബാലജന സഖ്യം രൂപീകരണം നവംബർ 22ന്
റോമി കുര്യാക്കോസ്
Tuesday, October 21, 2025 12:18 PM IST
ബോൾട്ടൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റ് / റീജിയണുകളുടെ നേതൃത്വത്തിൽ ആറ് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി "ജവഹർ ബാൽ മഞ്ച്' മാതൃകയിൽ "കേരള ബാലജന സഖ്യം' എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു.
സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും ഔദ്യോഗിക ലോഗോ, നിയമാവലി എന്നിവയുടെ പ്രകാശനവും ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് നവംബർ 22ന് രാവിലെ 10.30ന് ബോൾട്ടൺ ഫാംവർത്തിലുള്ള ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഓഫീസ് കെട്ടിട സമുച്ചയത്തിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ നിർവഹിക്കപ്പെടും.
ചടങ്ങിൽ നാട്ടിലും യുകെയിൽ നിന്നുമുള്ള രാഷ്ട്രീയ - സാംസ്കാരിക വ്യക്തിത്വങ്ങൾ നേരിട്ടും ഓൺലൈനിലുമായി പങ്കെടുക്കും. കുട്ടികളിലെ കലാ, കായിക, വായനാ കഴിവുകളെ വളർത്തുകയും അവർ ഇപ്പോൾ വസിക്കുന്ന സാമൂഹിക ചുറ്റുപാടുകളും നിയമസംഹിതയ്ക്കും കോട്ടം തട്ടാതെ ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതുതലമുറയെ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് സംഘടനയുടെ ലക്ഷ്യം.
തികച്ചും മുതിർന്നവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ, കുട്ടികളിലെ നേതൃത്വഗുണവും സാമൂഹികബോധവും വളർത്തുന്ന വേദിയായി പ്രവർത്തിക്കും. കേരള ബാലജന സഖ്യം രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഐഒസിയുടെ ചുമതല വഹിക്കുന്ന എഐസിസി സെക്രട്ടറിയും കർണാടക എംഎൽസിയുമായ ഡോ. ആരതി കൃഷ്ണ, ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൽ, കെപിസിസി, ജവഹർ ബാല മഞ്ച് (ജെബിഎം) നേതൃത്വം എന്നിവരുടെ പൂർണ പിന്തുണാവാഗ്ദാനം ലഭിച്ചത് സമയബന്ധിതമായി കൂട്ടായ്മ രൂപീകരിക്കുന്നതിന് സഹായകമായി.
അന്നേ ദിവസം നടത്തപ്പെടുന്ന ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗം, കളറിംഗ് മത്സരങ്ങളും (വാക്കും വരയും), ചാച്ചാജി എന്ന തലക്കെട്ടിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രപ്രദർശനവും സെമിനാറും സംഘടിപ്പിക്കും. ചടങ്ങുകളോടനുബന്ധിച്ച് കേരള ബാലജന സഖ്യത്തിന്റെ അംഗത്വ വിതരണവും മത്സര വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും നിർവഹിക്കപ്പെടും.
കേരള ബാലജന സഖ്യത്തിന്റെ ഭാവിയിൽ യുവജനോത്സവ മാതൃകയിൽ കലാ - സാഹിത്യ - കായിക മത്സരങ്ങളടങ്ങിയ വിപുലമായ മേളകൾ സംഘടിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു വരുന്നു.
കുട്ടികളിലെ കഴിവുകൾ മുളയിലെ തിരിച്ചറിയുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഈ കൂട്ടായ്മയ മാറുമെന്ന് ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: ഷൈനു ക്ലെയർ മാത്യൂസ്: 07872514619, റോമി കുര്യാക്കോസ്: 07776646163, ജിബ്സൺ ജോർജ്: 07901185989, അരുൺ ഫിലിപ്പോസ്: 0740747463, ബേബി ലൂക്കോസ്: 07903885676, ബിന്ദു ഫിലിപ്പ്: 07570329321, ബൈജു പോൾ: 07909812494.