പാദപൂജ സാംസ്കാരിക പൈതൃകമെന്ന് ഗവർണർ; നീചമെന്ന് ശിവൻകുട്ടി
സ്വന്തം ലേഖകൻ
Monday, July 14, 2025 6:12 AM IST
തിരുവനന്തപുരം: സ്കൂൾ കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തെ അനുകൂലിച്ചു ഗവർണർ ആർ.വി. അർലേക്കർ. ഗുരു വന്ദനത്തിനെതിരേ ചില ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു വന്ന പരാമർശങ്ങൾ ദൗർഭാഗ്യകരമാണ് എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
തൊട്ടു പിന്നാലെ ഗവർണറുടെ വാദം തള്ളി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. സ്കൂൾ കുട്ടികളെക്കൊണ്ടു പാദപൂജ നടത്തിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി ഗവർണർക്കു മറുപടിയായി അറിയിച്ചു.
ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണെന്നു പറഞ്ഞ ഗവർണർ അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റിനിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ സാരമായി ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തി.
വൈകുന്നേരത്തോടെ പത്രസമ്മേളനം വിളിച്ചാണ് മന്ത്രി വി. ശിവൻകുട്ടി ഗവർണറുടെ വാദം തള്ളിയത്. കാൽ കഴുകിക്കൽ നീചമായ നടപടിയാണെന്നും ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ് സംഭവമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
മതപരമായ ചടങ്ങുകൾ ഒഴിവാക്കാൻ മാനദണ്ഡം
തിരുവനന്തപുരം: പാദപൂജ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കാൻ പൊതുമാനദണ്ഡം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അൺഎയ്ഡഡ് സ്ഥാപനങ്ങൾക്ക് സർക്കാരാണ് എൻഒസി നൽകുന്നത്. അതിനാൽ, ഇത്തരം സ്കൂളുകളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.