ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്കു നയിച്ച മഹേന്ദ്ര സിംഗ് ധോണി, ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന നായകനെന്ന മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പമെത്തിയിരുന്നു.
കലാശപ്പോരിൽ ഗോൾഡൻ ഡക്കായി മടങ്ങിയ ധോണി, സീസണിലെ എട്ട് ഇന്നിംഗ്സുകളിൽനിന്ന് 182.46 സ്ട്രൈക്ക് റേറ്റിൽ 104 റണ്‍സ് സ്വന്തമാക്കി. അടുത്ത സീസണ് ഐപിഎൽ നടക്കുന്പോൾ 43 വയസിലേക്കു കയറുന്ന ധോണി, ഒരിക്കൽക്കൂടി ചെന്നൈക്കുവേണ്ടി കളിക്കുമോ എന്നുറപ്പിച്ചു പറയാനാകില്ല.
റിക്കാർഡുകൾ സെഞ്ചുറികളുടെ എണ്ണം. 12 സെഞ്ചുറികളാണ് ഈ ഐപിഎൽ സീസണിൽ പിറന്നത്. പിന്നിലായത് 2022ലെ എട്ടു സെഞ്ചുറികളുടെ റിക്കാർഡ്. മൂന്നു സെഞ്ചുറിയുമായി ശുഭ്മൻ ഗില്ലാണു മുന്നിൽ.
സീസണിൽ പിറന്നത് 153 അർധസെഞ്ചുറികൾ. കഴിഞ്ഞ സീസണിലെ 118 അർധസെഞ്ചുറികളുടെ റിക്കാർഡ് ഇനി പഴങ്കഥ. ഫഫ് ഡുപ്ലെസി (8) യാണ് ഒന്നാമത്.
സീസണിൽ ടീമുകൾ 200 റണ്‍സിനുമേൽ സ്കോർ ചെയ്തത് 37 തവണ. ഇത് ഐപിഎല്ലിലെ സർവകാല റിക്കാർഡാണ്. 2022ൽ 18 തവണ മാത്രമാണു ടീമുകൾ 200 റണ്‍സിലധികം സ്കോർ ചെയ്തത്.
എട്ടു തവണ ടീമുകൾ 200 റണ്‍സിലധികം പിന്തുടർന്നു ജയിച്ചു. 2014ൽ മൂന്നുവട്ടം 200 റണ്‍സിലധികം പിന്തുടർന്നു ജയിച്ചത് ഇനി പഴങ്കഥ.
സീസണിൽ ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് ശരാശരി 183 റണ്‍സ്. 172 റണ്‍സായിരുന്നു മുന്‍പത്തെ ഏറ്റവുമുയർന്ന ശരാശരി.