ഇന്ത്യക്കു തകർച്ച
Friday, June 9, 2023 12:02 AM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനു (163) പിന്നാലെ സ്റ്റീവ് സ്മിത്തിനും (121) സെഞ്ചുറി. ഹെഡിന്റെയും സ്മിത്തിന്റെയും സെഞ്ചുറി മികവിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 469 റണ്‍സ് കെട്ടിപ്പടുത്തു.
ഒന്നാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യക്ക് സ്കോർബോർഡിൽ 30 റണ്‍സ് ഉള്ളപ്പോൾ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസും ശുഭ്മാൻ ഗില്ലിനെ (12) സ്കോട്ട് ബോളണ്ടും പുറത്താക്കി. ചേതേശ്വർ പൂജാര (14), വിരാട് കോഹ്ലി (14) എന്നിവരും വേഗം തന്നെ മടങ്ങിയതോടെ ഇന്ത്യൻ മുൻനിര തകർന്നു. 22 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലായി ടീം ഇന്ത്യ.
സ്മിത്ത് റിക്കാർഡ്
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ സ്റ്റീവ് സ്മിത്തിന്റെ ഒന്‍പതാം സെഞ്ചുറിയാണിത്. ടെസ്റ്റിൽ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി. 37 ഇന്നിംഗ്സിലാണ് സ്മിത്തിന്റെ ഒന്‍പതാം സെഞ്ചുറി. 45 ഇന്നിംഗ്സിലാണ് റൂട്ട് ഇന്ത്യക്കെതിരേ ഒന്‍പത് സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിദേശ ബാറ്റർ എന്ന റിക്കാർഡിൽ ഓസീസ് മുൻ താരം സ്റ്റീവ് വോയ്ക്ക് ഒപ്പവും സ്മിത്ത് എത്തി. ഇംഗ്ലണ്ടിൽ സ്മിത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണിത്. 31 ഇന്നിംഗ്സിൽനിന്നാണിത്. 32 ഇന്നിംഗ്സിൽനിന്നാണ് സ്റ്റീവ് വോ ഏഴ് സെഞ്ചുറി നേടിയത്. 30 ഇന്നിംഗ്സിൽ 11 സെഞ്ചുറിയുള്ള ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ് ഇംഗ്ലീഷ് മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിദേശ താരം എന്ന റിക്കാർഡ്.
സിറാജിനു നാല്
സ്റ്റീവ് സ്മിത്ത് - ട്രാവിസ് ഹെഡ് നാലാം വിക്കറ്റ് കൂട്ടുകെട്ട് 285 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയശേഷം ഓസീസ് നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 174 പന്തിലാണ് ഹെഡ് 163 റണ്‍സ് നേടിയത്. 268 പന്ത് നേരിട്ട് സ്മിത്ത് 121 റണ്‍സ് സ്വന്തമാക്കി. ഇവർക്കുശേഷം വിക്കറ്റ് കീപ്പർ അലക്സ് കാരെ (48) മാത്രമാണ് ചെറുത്തുനിന്നത്.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് 108 റണ്‍സ് വഴങ്ങി നാലു വിക്കറ്റും മുഹമ്മദ് ഷമി, ഷാർദുൾ ഠാക്കൂർ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.