വനിതാ ദിനം
Friday, December 8, 2023 10:52 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് സന്പൂർണ വനിതാ ദിനം. 2024 സീസണ് വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) താര ലേലവും ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ട്വന്റി-20 ക്രിക്കറ്റും ഇന്ന് മുംബൈയിൽ അരങ്ങേറും.
2023ലാണ് ഡബ്ല്യുപിഎൽ ആരംഭിച്ചത്. 2024 ഫെബ്രുവരി-മാർച്ചിലായിരിക്കും രണ്ടാം എഡിഷൻ. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാന്പ്യന്മാർ. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിനു കീഴടക്കിയായിരുന്നു മുംബൈയുടെ കന്നിക്കിരീട ധാരണം. 2023 ലേലത്തിൽ ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ദാനയായിരുന്നു ഏറ്റവും വിലയേറിയ താരമായത്, 3.40 കോടി രൂപയ്ക്ക് സ്മൃതിയെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ലേലത്തിലെടുത്തു.
അഞ്ച് ടീമുകൾ
ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയ്ന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, യുപി വാരിയേഴ്സ് എന്നിങ്ങനെ ഡബ്ല്യുപിഎല്ലിൽ അഞ്ച് ടീമുകളാണുള്ളത്. കഴിഞ്ഞ വർഷത്തെ താരങ്ങളിൽ മഹാഭൂരിപക്ഷത്തെയും ഫ്രാഞ്ചൈസികൾ 2024 സീസണിലേക്കും നിലനിർത്തിയിട്ടുണ്ട്.
30 സ്ലോട്ട്, 165 കളിക്കാർ
അഞ്ച് ടീമുകളിലായി 30 കളിക്കാരുടെ ഒഴിവിലേക്കുള്ള ലേലമാണ് ഇന്ന് നടക്കുന്നത്. 30 സ്ലോട്ടിൽ ഒന്‍പത് എണ്ണം വിദേശ താരങ്ങൾക്കുള്ളതാണ്. ആകെ 165 കളിക്കാർ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 104ഉം ഇന്ത്യക്കാരാണ്. ആകെയുള്ള 165ൽ 109 പേർക്കും രാജ്യാന്തര മത്സര പരിചയം ഇല്ല, 56 പേർ രാജ്യാന്തര വേദിയിൽ മുഖംകാണിച്ചവരാണ്.
മിന്നു ഡൽഹിയിൽതന്നെ

വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ കേരളത്തിന്റെ സാന്നിധ്യമായ മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ തുടരും. 2023 സീസണിൽ ഉണ്ടായിരുന്നതിൽ മൂന്ന് കളിക്കാരെ മാത്രമാണ് ഡൽഹി റിലീസ് ചെയ്തത്. 30 ലക്ഷം രൂപയ്ക്കായിരുന്നു മിന്നു മണിയെ കഴിഞ്ഞ സീസണ് ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
തിരിച്ചടിക്കാൻ ഇന്ത്യ

മുംബൈ: ഇംഗ്ലീഷ് വനിതകൾക്കെതിരേ തിരിച്ചുവരവിനായി ഇന്ത്യൻ താരങ്ങൾ. വനിതാ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമും ഇന്ന് ഇറങ്ങും. ആദ്യമത്സരത്തിൽ 38 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്നു ജയിച്ചാൽ മാത്രമേ ഹർമൻപ്രീത് കൗറിനും സംഘത്തിനും പരന്പര സജീവമായി നിലനിർത്താൻ സാധിക്കൂ. രാത്രി ഏഴ് മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ഷെഫാലി വർമ (52 റണ്‍സ്), മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവർ ഫോം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യക്കു വിജയ വഴിയിൽ എത്താനാകൂ.
കിം ഗാർത്, ഡോട്ടിൻ
ഇന്നു നടക്കുന്ന ലേലത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ളത് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാൻഡ്ര ഡോട്ടിനും ഓസീസ് പേസർ കിം ഗാർത്തിനുമാണ്. ഇരുവരുടെയും അടിസ്ഥാന വില 50 ലക്ഷം വീതം. ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടു, ഇംഗ്ലണ്ടിന്റെ ഡാനി വ്യാട്ട്, ഇന്ത്യയുടെ പ്രിയ പൂനിയ, വേദ കൃഷ്ണമൂർത്തി, മേഘ്ന സിംഗ് തുടങ്ങിയവർ 30 ലക്ഷം രൂപ അടിസ്ഥാന വിലയിലുള്ള താരങ്ങളിൽപെടും.
ഷബ്നിം ഇസ്മയിൽ (ദക്ഷിണാഫ്രിക്ക), അന്നബെൽ സതർലൻഡ് (ഓസ്ട്രേലിയ), ജോർജിയ വറെഹം (ഓസ്ട്രേലിയ), എമി ജോണ്‍സ് (ഇംഗ്ലണ്ട്) എന്നീ നാല് താരങ്ങളാണ് 40 ലക്ഷം രൂപ അടിസ്ഥാന വിലയിൽ പെടുന്നത്.